Current Date

Search
Close this search box.
Search
Close this search box.

വര്‍ഗീയക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആന്റി കമ്മ്യൂണല്‍ വിങ്ങിന് രൂപം നല്‍കി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: വര്‍ഗീയക്കേസുകള്‍ മാത്രം കൈകാര്യം ചെയ്യാനായി പുതിയ വകുപ്പ് രൂപീകരിച്ച് കര്‍ണാടകയിലെ പുതിയ സര്‍ക്കാര്‍. ആന്റി കമ്മ്യൂണല്‍ വിങ്ങ് (എ.സി.ഡബ്ല്യു) എന്ന പേരിലാണ് പുതിയ കമ്മിറ്റി പ്രവര്‍ത്തിക്കുക. സാമുദായിക സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയായ ദക്ഷിണ കന്നഡയിലാണ് പൊലീസിനു കീഴില്‍ പുതിയ സംഘം രൂപീകരിച്ചിരിക്കുന്നത്.

കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയാണ് ഇതിന് നിര്‍ദേശം നല്‍കിയത്. എ.സി.ഡബ്ല്യുവിന് രൂപംനല്‍കിയെന്ന് മംഗളൂരു പൊലീസ് കമ്മിഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിന്‍ അറിയിച്ചു. സിറ്റി സ്പെഷല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ശരീഫ് ആണ് സംഘത്തിനു നേതൃത്വം നല്‍കുന്നത്. അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ പി.എ ഹെഗ്ഡെ വിങ്ങിന്റെ മേല്‍നോട്ടം വഹിക്കും.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 200 കേസുകള്‍ സംഘം പരിശോധിക്കും. വര്‍ഗീയ സംഘര്‍ഷം, വിദ്വേഷ പ്രസംഗം, സാമൂഹികമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം, മോറല്‍ പൊലീസിങ്, പശുക്കടത്ത് തുടങ്ങിയ കേസുകളെല്ലാം പുതിയ സമിതി പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കും. ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരം കേസുകള്‍ എ.സി.ഡബ്ല്യുവിന് കൈമാറും.

വര്‍ഗീയമായി റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ കേസുകളും ഇനി മുതല്‍ എ.സി.ഡബ്ല്യു ആയിരിക്കും കൈകാര്യം ചെയ്യുകയെന്ന് പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ഇത്തരം കേസുകളില്‍ കുറ്റാരോപിതരായ ആളുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. കേസുകളില്‍ ഇരകള്‍ക്കു വേണ്ട സംരക്ഷണം നല്‍കും. നിലവില്‍ കോടതിക്കു മുന്നിലുള്ള സമാനമായ കേസുകളും വിങ് പരിശോധിക്കുമെന്നും കുല്‍ദീപ് കുമാര്‍ ജെയിന്‍ പറഞ്ഞു.

Related Articles