Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് ഇസ്‌ലാമില്‍ നിര്‍ബന്ധമല്ലെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: കര്‍ണാടകയിലെ വിവിധ കോളജുകളിലും സ്‌കൂളുകളിലും അധികൃതര്‍ നടപ്പാക്കിയ ഹിജാബ് വിലക്ക് ശരിവെച്ച് കര്‍ണാടക ഹൈക്കോടതി. ഹിജാബ് മതപരമായി ഇസ്‌ലാമില്‍ നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ഹിജാബ് നിരോധനത്തെ അനുകൂലിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹരജി പരിഗണിച്ച് കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് വിധി പറഞ്ഞിരിക്കുന്നത്. 11 ദിവസമാണ് ഹരജിയില്‍ വാദം പൂര്‍ത്തിയാക്കിയത്.

മുസ്ലീം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തില്‍ അനിവാര്യമായ മതപരമായ ആചാരമായി രൂപപ്പെടുത്തുന്നില്ലെന്നും അതിനാല്‍ ഹിജാബ് ധരിക്കേണ്ടത് നിര്‍ബന്ധ ഘടകമല്ലെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍. സ്‌കൂളുകളില്‍ യൂണിഫോം അനുവദിക്കുന്നത് ഭരണഘടനാപരമാണെന്നും അതു സംബന്ധിച്ച് സര്‍ക്കാറിന് ഉത്തരവിറക്കാന്‍ അനുമതി ഉണ്ടെന്നും കോടതി വിലയിരുത്തി. ഇടക്കാല വിധി തന്നെ ആവര്‍ത്തിക്കുകയാണ് കോടതി ചെയ്തത്. യൂണിഫോം ധരിക്കുന്ന ഇടങ്ങളില്‍ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാല്‍, അവ ധരിക്കരുതെന്നായിരുന്നു ഇടക്കാല വിധി. ഇതിന്റെ ആവര്‍ത്തനവും കൂട്ടിച്ചേര്‍ക്കലുമാണ് ഇന്നത്തെ വിധി. ഹിജാബ് നിരോധനത്തിനെതിരെ 6 വിദ്യാര്‍ത്ഥികളാണ് കോടതിയിയില്‍ ഹരജി നല്‍കിയത്.

ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് ചൊവ്വാഴ്ച വിധി പുറപ്പെടുവിച്ചത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാല്‍ ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്ന് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു.

വിധി വരുന്നതിന് മുന്‍പ് തന്നെ സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരമായ ബംഗളുരുവില്‍ ഒരാഴ്ച്ചത്തേക്ക് നിരോധാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ആഹ്ലാദപ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവയ്ക്കെല്ലാം സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles