Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടക ഗവ. കോളേജില്‍ ഹിജാബ്, ഉര്‍ദു, സലാം എന്നിവക്ക് നിരോധനം

ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പിയില്‍ സര്‍ക്കാര്‍ ആര്‍ട്‌സ് കോളേജില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിവേചനം. കോളേജ് ക്യാംപസില്‍ ഹിജാബ് ധരിക്കുന്നതിനും ഉര്‍ദു സംസാരിക്കുന്നതിനും മുസ്ലിംകള്‍ അഭിവാദ്യം ചെയ്യാനുപയോഗിക്കുന്ന സലാം പറയുന്നതിനുമാണ് കോളേജ് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ചതിന് തങ്ങളെ ക്ലാസില്‍ പ്രവേശിപ്പിച്ചില്ലെന്ന് ഏതാനും വിദ്യാര്‍ത്ഥിനികള്‍ പരാതി ഉന്നയിച്ചു. ഇത് തങ്ങളുടെ സ്വത്വത്തെ അപമാനിക്കുന്നതും പഠനത്തെ തടസ്സപ്പെടുത്തുന്നതുമാണെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ നാല് ദിവസമായി ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ക്ക് ക്ലാസുകളില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ശിരോവസ്ത്രം ധരിച്ചതിന് പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് മുസ്ലീം സമുദായത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിക്ക് പുറത്ത് നില്‍ക്കുന്നതായുള്ള ഒരു വീഡിയോയും പുറത്തുവന്നിരുന്നു.

ക്ലാസ്‌റൂമില്‍ പ്രവേശിക്കുമ്പോള്‍ ഹിജാബ് അഴിച്ചാല്‍ പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ രുദ്ര ഗൗഡ പറഞ്ഞത്.
കാമ്പസ് പരിസരത്ത് ഹിജാബ് ധരിക്കാമെന്നും, എന്നാല്‍ ക്ലാസ് മുറികളില്‍ ഹിജാബ് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ സീനിയേഴ്‌സ് വിദ്യാര്‍ത്ഥിനികളും വിവേചനത്തിനിരയായതായി വിദ്യാര്‍ഥികള്‍ പറയുന്നു.

കോളേജിലെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ പലതരത്തിലും വിവേചനം നേരിടുന്നുണ്ടെന്നും. മുസ്ലീം വിദ്യാര്‍ത്ഥികളോട് ഉറുദുവില്‍ സംസാരിക്കുന്നതും സലാം ആശംസിക്കുന്നതും കാമ്പസിനുള്ളില്‍ നിരോധിച്ചിരിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചതായും വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചു. മക്തൂബ് മീഡിയ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹിന്ദു പെണ്‍കുട്ടികള്‍ കോളേജില്‍ വളകളും ബിന്ദിയും ധരിക്കുന്നു. ഞങ്ങളുടെ സ്‌കൂളില്‍ ദീപാവലിയും മറ്റ് ഹൈന്ദവ ആഘോഷങ്ങളും ആഘോഷിക്കുന്നു, പിന്നെ ഞങ്ങളോട് മാത്രമാണ് വിവേചനമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതേസമയം, സംഘ്പരിവാര്‍ അനുകൂല അധ്യാപകരും കോളേജ് അധികൃതരുമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. ഇതേ കോളേജിലെ അധ്യാപകര്‍ നേരത്തെ എ ബി വി പിയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനും കാവി കൊടി പിടിക്കാനും മുസ്ലീം പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചിരുന്നുവെന്നും പരാതിയുണ്ട്.

 

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles