Current Date

Search
Close this search box.
Search
Close this search box.

കളമശ്ശേരി സ്‌ഫോടനം: വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പ്രമുഖര്‍

കോഴിക്കോട്: കളമശ്ശേരി സംറ കണ്‍വെന്‍ഷന്‍ സെന്ററിലെ യഹോവയുടെ സാക്ഷികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉണ്ടായ സ്‌ഫോടനത്തിനു പിന്നാലെ നടന്ന വിദ്വേഷ-വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി. വിവിധ മാധ്യമങ്ങളും സംഘ്പരിവാര്‍ നേതാക്കളും അണികളും ഇപ്പോഴും വിദ്വേഷവും വര്‍ഗ്ഗീയതയും പ്രചരിപ്പിക്കുകയാണെന്നും ഇത്തരക്കാര്‍ക്കെതിരെ കേരള പൊലിസ് നടപടിയെടുക്കാത്തത് എന്താണെന്നുമാണ് നേതാക്കള്‍ ചോദിക്കുന്നത്. വിഷയത്തില്‍ വ്യാജ വാര്‍ത്തകളും പ്രസ്താവനകളും നടത്തിയവര്‍ക്കെതിരെ വിവിധ സംഘടനകള്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഐ.എന്‍.എല്‍, സോളിഡാരിറ്റി, എ.ഐ.വൈ.എഫ് എന്നീ സംഘടനകളാണ് വിദ്വേഷപ്രചാരണങ്ങള്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കിയത്.

കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സമസ്ത, ജമാഅത്തെ ഇസ്ലാമി, ഐ.എസ്.എം, സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളും ശക്തമായ പ്രതിഷേധം അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്.

വി.ഡി സതീശന്‍ (പ്രതിപക്ഷ നേതാവ്)

ഒരുമിച്ച് നിന്ന് സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് സര്‍വകക്ഷി യോഗത്തില്‍ ഞങ്ങള്‍ മുന്നോട്ട് വച്ച ആശയം. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസിന്റെ നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തമാക്കണം. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചരണത്തിന് തടയിടാനുള്ള കര്‍ശന നടപടി വേണം.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം പ്രതികരിച്ചത് . ഒരു കേന്ദ്രമന്ത്രി സംസ്ഥാനത്തെ അധിഷേപിക്കുന്ന തരത്തില്‍ പ്രതികരിച്ചു. അത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

സാദിഖ് അലി ശിഹാബ് തങ്ങള്‍ (മുസ്ലിം ലീഗ്)

കളമശ്ശേരി സ്ഫോടനത്തില്‍ മാര്‍ട്ടിന്‍ കീഴടങ്ങിയതുകൊണ്ട് കേരളം രക്ഷപ്പെട്ടുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍. അല്ലെങ്കില്‍ ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായേനെ. ചില മാധ്യമങ്ങള്‍ വിഷയത്തെ വേറെ തലത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. സമൂഹ മാധ്യമങ്ങളുടെ കാര്യം പറയാനില്ല. മുന്‍വിധിയോടെ ഉള്ള സമീപനമാണ് പലരില്‍നിന്നും ഉണ്ടായത്. അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരട്ടെയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

റിജുല്‍ മാക്കുറ്റി (യൂത്ത് കോണ്‍ഗ്രസ്)

മാര്‍ട്ടിന്‍ ചെറിയ മീനല്ല, കളമശ്ശേരി സ്‌ഫോടനത്തില്‍ ഇസ്രായേല്‍ അനുകൂലികളായ സംഘി കാസ തീവ്രവാദികളുടെ ബന്ധം അന്വേഷിക്കുക.

സമൂഹത്തില്‍ കലാപ അന്തരീക്ഷം ഉണ്ടാക്കാന്‍ നിരന്തരമായി ശ്രമിക്കുന്ന മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയ കളമശ്ശേരി സ്‌ഫോടവുമായി ബന്ധപ്പെട്ട് എന്റെ പേരും ഉപയോഗിച്ച് വ്യാജവാര്‍ത്ത കൊടുത്തിരുന്നു. വാര്‍ത്തപിന്നീട് ആ ശവംതീനിയായ പരമ…. മുക്കിയിട്ടുണ്ട്. വാര്‍ത്ത മുക്കിയാലും നിയമ നടപടിയുമായി മുന്നോട് പോകും.

സത്താര്‍ പന്തല്ലൂര്‍ (സമസ്ത)

കളമശ്ശേരി സംഭവം ഇന്ന് പകല്‍ മുഴുവന്‍ ഒട്ടേറെ പാഠങ്ങള്‍ നല്‍കുന്നതായിരുന്നു. അനിഷ്ടകരമായ ഒരു സംഭവം നടന്നാല്‍ അതിനെ എത്രത്തോളം വര്‍ഗീയ- വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിച്ച്, എങ്ങനെയൊക്കെ മത്സരിക്കാമെന്നാണ് മലയാളത്തിലെ ചില മുഖ്യാധാര മാധ്യമങ്ങള്‍ തെളിയിച്ചത്. അതില്‍ മുന്നിലെത്തിയത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമയും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ ആയിരുന്നു.

മുസ്ലിംകളോടും മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരോടും രാജീവ് ചന്ദ്രശേഖറിന് കടുത്ത വെറുപ്പാണന്ന് പലപ്പോഴും തെളിയിച്ചതാണ്.
കളമശ്ശേരി സ്‌ഫോടനം നടത്തിയത് ഫലസ്തീനെ പിന്തുണക്കുന്ന കേരളത്തിലെ മുസ്ലിംകളാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമില്ല.
ആ തീവ്രവാദികളെ കേരള സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ എ എന്‍ ഐക്ക് അഭിമുഖം നല്‍കി. മുതലാളിയുടെ നിലപാട് പ്രചരിപ്പിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസും മുന്നിട്ടിറങ്ങി.

സ്‌ഫോടനം നടത്തിയത് ഏതെങ്കിലുമൊരു മുസ്ലിം ആയിരിക്കുമെന്ന മുന്‍വിധി ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടിംഗില്‍ ഉടനീളമുണ്ടായിരുന്നു.
ഫലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തുന്ന മുസ്ലിംകളും കളമശ്ശേരി സ്‌ഫോടനവും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ഉള്ളതും ഇല്ലാത്തതുമായ ഏജന്‍സികളെ ഉദ്ധരിച്ച് ഒരു പകല്‍ മുഴുവന്‍ ഏഷ്യാനെറ്റ് ന്യൂസ് പണിയെടുത്തു. എല്ലാം ചീറ്റിപ്പോയപ്പോള്‍ പ്രതി മാര്‍ട്ടിന് പിറകില്‍ ഏതെങ്കിലും മുസ്ലിംകളുണ്ടോ എന്ന് അന്വേഷിക്കാനാണ് ന്യൂസ് അവറിലെ ശ്രമം.

ഹിന്ദുത്വ തീവ്രവാദം പോലെ തന്നെ ഇവാഞ്ചലിക്കല്‍ ക്രിസ്റ്റ്യാനിറ്റിയും അതിന്റെ അനേകം കാസക്കുഞ്ഞുങ്ങളും ഈ ലോകത്തുണ്ട്.
ലോക വിവരം കുറഞ്ഞ വംശീയവാദി മുതലാളിയെ കണ്ട് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ വിദ്വേഷം പ്രചരിപ്പിക്കാനിറങ്ങരുത്.
വെറുപ്പ് വിറ്റ് തിന്നാതെ മര്യാദക്ക് പണിയെടുത്ത് ജീവിച്ചു കൂടെ. മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ മനുഷ്യരില്‍ വിഷം കുത്തിവെച്ച് മനുഷ്യരെ കൊലയാളികളാക്കി മാറ്റുന്ന മുതലാളിക്കും മുതലാളിയുടെ ചാനലിനും നല്ല ബുദ്ധിക്ക് പ്രാര്‍ഥിക്കുന്നു.

ഐ.എസ്.എം കേരള


പ്രതിയായ ഒരു മുസ്ലിം പേരിന് കാത്തിരുന്ന മണിക്കൂറുകളായിരുന്നു മലയാള മാധ്യമങ്ങളുടേത്. ഭീകരതയിലും കുറ്റകൃത്യങ്ങളിലും മതം തിരയുന്ന മാപ്രകള്‍ കളമൊരുക്കുന്നത് കേരളത്തെയും അശാന്തിയുടെ ഇടമാക്കാന്‍. കേരളത്തിലെ ഇസ്ലാമോഫോബിയ ഞെട്ടിപ്പിക്കുന്നതാണ്.

പി മുജീബ് റഹ്‌മാന്‍

കളമശ്ശേരി ബോംബ് സ്‌ഫോടനം നടന്ന നിമഷം തൊട്ട് കേരളത്തില്‍ ഏറെ അസ്വസ്ഥമായ ജനത മുസ്ലിം ജനവിഭാഗമാണ്. സ്‌ഫോടനത്തിലെ പ്രതി ക്രിസ്ത്യാനിയോ ഹിന്ദുവോ നാസ്തികനോ ആവാം അതിനെക്കുറിച്ച് ആ സമുദായത്തിന് യാതൊരു ആധിയും ആവശ്യമില്ല.
കുറ്റവാളി മാത്രം ശിക്ഷ അനുഭവിച്ചാല്‍ മതി. എന്നാല്‍, പ്രതി മുസ്ലിമായെന്നാല്‍ സമുദായം മുഴുക്കെ പ്രതിസ്ഥാനത്താണ്.

ശിക്ഷ മുഴുവന്‍ സമുദായത്തിനുമാണ്. പ്രതിപട്ടികയില്‍ മുസ്ലിം നാമധാരിയാണെങ്കില്‍ തീവ്രവാദം, ഭീകരാക്രമണം എന്നിവക്കെല്ലാം
ആഗോളമാനം കൈവരും. കാരണം, ഇസ്ലാമോഫോബിയയുടെ ഭാഗമായി നിരന്തരമായ തീവ്രവാദ ചാപ്പയും ഭീകരവാദ മുദ്രയും ചാര്‍ത്തപ്പെടുന്ന ലോകത്തെ ഏക സമുദായമാണ് മുസ്ലിം സമുദായം. മുസ്ലിം സമുദായം ആശങ്കിച്ചത് തന്നെയാണ് കളമശ്ശേരിയിലും സംഭവിച്ചത്. സംഘ്പരിവാര്‍ ഭീകരവാദികളും അവര്‍ക്ക് മെഗാഫോണായി പണിയെടുക്കുന്ന ചില മീഡിയകളും ആദ്യ നിമിഷം തന്നെ പ്രചാരണമാരംഭിച്ചു. യഹോവാ എന്നത് യഹൂദര്‍ എന്ന് തെറ്റിദ്ധരിക്കപ്പെട്ടതാവാം എന്നാണ് ഗവണ്‍മെന്റും പോലീസും പ്രതിയെക്കുറിച്ച് തീര്‍പ്പിലെത്തുന്നതിനു മുമ്പ് കേരളത്തിലെ ഒരു ദേശീയ ചാനല്‍ കൊടുത്ത വാര്‍ത്ത. ഉടന്‍ സുരക്ഷാ പരിശോധനയുടെ ഒരു ഫോട്ടോ ചാനലില്‍ വരുന്നു. മിനുട്ടുകളോളം ഈ ദൃശ്യത്തില്‍ ഇടം പിടിച്ചതാവട്ടെ, ഒരു മുസ്ലിം വേഷധാരിയും. ഒരു സമുദായത്തിന് മാത്രം നാട്ടില്‍ നടക്കുന്ന ഓരോ വിഷയത്തിലും അധിക ബാധ്യത വന്ന് ചേരുന്ന ഈ ദുരവസ്ഥയുടെ പേരാണ് ഇസ്ലാമോഫോബിയ.

വെല്‍ഫെയര്‍ പാര്‍ട്ടി

കൊച്ചി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ മേഖല സമ്മേളനത്തില്‍ നടന്ന സ്‌ഫോടനം സംബന്ധിച്ച് വേഗത്തില്‍ അന്വേഷണം നടത്തി യഥാര്‍ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്നു വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.

ഇതിന്റെ പേരില്‍ വ്യാജവാര്‍ത്തകളും ഊഹാപോഹങ്ങളും സൃഷ്ടിച്ച് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള സംഘ്പരിവാറിന്റെയും അനുബന്ധ സംഘടനകളുടെയും ശ്രമങ്ങള്‍ക്ക് തടയിടണം.
അക്രമങ്ങളോ അപകടങ്ങളോ ഉണ്ടായാല്‍ അതുപയോഗിച്ച് ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാര്‍ ശ്രമം ഈ സന്ദര്‍ഭത്തിലും ആരംഭിച്ചിട്ടുണ്ട്. അതിനെ ഗൗരവപൂര്‍വം കണ്ട് ജാഗ്രതയോടെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാനത്ത് സാമൂഹിക സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ കുറെ നാളുകളായി നടന്നുവരികയാണ് . ട്രെയിന്‍ കത്തിക്കല്‍ പോലെയുള്ള സംഭവങ്ങളില്‍ ഇതുവരെയും അന്വേഷണം എവിടെയും എത്തിയിട്ടില്ല.

ഉന്നത സംഘ്പരിവാര്‍ നേതാക്കള്‍ കേരളത്തില്‍ നടത്തുന്ന സന്ദര്‍ശനങ്ങള്‍ക്ക് ശേഷം ഇത്തരത്തിലുള്ള സംഭവവികാസങ്ങള്‍ ആവര്‍ത്തിക്കുന്നത് പതിവായി തീര്‍ന്നിട്ടുണ്ട്. കൃത്രിമമായി സംഭവങ്ങള്‍ സൃഷ്ടിച്ചു സാമൂഹിക ധ്രുവീകരണം നടത്തി
രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്ന സംഘപരിവാറിന്റെ പതിവ് രീതി കേരളത്തിലും പ്രയോഗിക്കുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ ഈ സംഭവത്തിന്റെ പിന്നിലെ വസ്തുത പുറത്തുകൊണ്ടുവരേണ്ടത് സംഘപരിവാറിന്റെ ദുഷ്ട ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ കൂടി ആവശ്യമാണ്.

ഇപ്പോഴത്തെ സംഭവത്തെ ഫലസ്തീനുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ദുരുദ്യേശപരമാണ്. ഇതുപയോഗിച്ച് ഫലസ്തീന് അനുകൂലമായ കേരളീയ സമൂഹത്തിന്റെ വികാരത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം സമൂഹം തിരിച്ചറിയണമെന്നും ഏതു സാഹചര്യത്തിലും മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളുടെ സംഗമത്തില്‍ ഉണ്ടായ ദുരന്തം അതീവ ദുഖകരമാണ് . പരിക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ ലഭ്യമാക്കണം. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് മതിയായ ആശ്വാസം ലഭ്യമാക്കണം. വിശ്വാസി സമൂഹത്തിന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പങ്കുചേരുന്നതായി റസാഖ് പാലേരി പറഞ്ഞു.

സോളിഡാരിറ്റി

കളമശ്ശേരി സ്‌ഫോടനം: പ്രതി സംഘ്പരിവാര്‍ നിര്‍മിച്ചെടുത്ത തീവ്ര ദേശീയത.
മുസ്ലിംകളെയും കേരളത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തി വിദ്വേഷ കാമ്പയിന്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെയും കാസ അടക്കമുള്ള സംഘ് പരിവാര്‍ അനുകൂല സംഘടനകള്‍ക്കും ജനം ടി.വി, ന്യൂസ് 18 തുടങ്ങിയ മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുക

Related Articles