Current Date

Search
Close this search box.
Search
Close this search box.

പൗരത്വ സമരക്കാരെ വേട്ടയാടുന്നതിനെതിരെ ജനകീയ ചെറുത്തുനില്‍പ് അനിവാര്യം: മുസ്ലിം നേതാക്കള്‍

കോഴിക്കോട്: പൗരത്വ സമര നേതാക്കളെ വേട്ടയാടുന്ന ഭരണകൂട നടപടിക്കെതിരെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കോവിഡിന്റെ പശ്ചാതലത്തില്‍ നിലച്ചു പോയ പൗരത്വ പ്രക്ഷോഭത്തെ നിലവില്‍ സാധ്യമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും മുസ്ലിം നേതാക്കള്‍. ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥിയും പൗരത്വ പ്രക്ഷോഭ നേതാവുമായ ആസിഫ് ഇക്ബാല്‍ തന്‍ഹയുടെ അറസ്റ്റിന് 100 ദിവസം തികഞ്ഞ പശ്ചാത്തലത്തില്‍ ജയിലിലടക്കപ്പെട്ട പൗരത്വ പ്രക്ഷോഭകരെ മോചിപ്പിക്കുക എന്നാവശ്യമുയര്‍ത്തിക്കൊണ്ട് എസ്.ഐ.ഒ കേരള സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നേതാക്കള്‍. ജാമിഅയിലെ എസ്.ഐ.ഒ നേതാവ് കൂടിയായ ആസിഫ് ജാര്‍ഖണ്ഡ് സ്വദേശിയും ബിരുദ വിദ്യാര്‍ത്ഥിയും ആണ്.

ജാമിഅയില്‍ പൗരത്വ പ്രക്ഷോഭം ശക്തമായ ഘട്ടത്തില്‍ പോലീസ് നടത്തിയ അക്രമത്തിന്റെ കേസില്‍ കുടുക്കിയാണ് ആസിഫിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ നിന്ന് ആ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും പിന്നീട് ദല്‍ഹി വംശഹത്യ കേസില്‍ കുടുക്കി യു എ പി എ ചുമത്തി ജയിലിലടക്കുകയായിരുന്നു. ആസിഫടക്കം പൗരത്വ സമരത്തില്‍ പങ്കാളികളായ പതിനഞ്ചോളം വിദ്യാര്‍ത്ഥി നേതാക്കളെയും ആക്ടിവിസ്റ്റുകളെയുമാണ് ഭരണകൂടം കള്ളക്കേസുകള്‍ ചുമത്തി ജയിലിലടച്ചിരിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ പ്രതിഷേധ സ്വരങ്ങള്‍ നിശബ്ദമാക്കുകയും സമര നേതാക്കളെ തെരെഞ്ഞുപിടിച്ചു വേട്ടയാടുകയും ചെയ്യുന്ന ഭരണകൂട നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയ സംഗമം പൗരത്വ സമരം സാധ്യമാക്കിയ സമുദായ ഐക്യം, ശഹീന്‍ ബാഗ് പോലുള്ള സമര രീതികള്‍ തുടര്‍ന്നും മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. എസ് ഐ ഒ കേരള ഫെയ്സ്ബുക്ക് പേജ് വഴി നടത്തിയ പ്രതിഷേധ സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര കൂടിയാലോചന സമിതി അംഗം ഡോക്ടര്‍ ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ്, ഓള്‍ ഇന്ത്യ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് അംഗം അബ്ദുല്‍ ഷുക്കൂര്‍ അല്‍ കാസിമി, പാളയം ഇമാം വി പി സുഹൈബ് മൗലവി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി വി എച് അലിയാര്‍ മൗലവി, എസ് ഐ ഓ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

 

Related Articles