Current Date

Search
Close this search box.
Search
Close this search box.

ജെനിനിലെ ഇസ്രായേല്‍ ആക്രമണം; ആശങ്കയുണ്ടെന്ന് യു.എന്‍; തിരിച്ചടിച്ച് ഹമാസ്

ജെനിന്‍: അധിനിവേശ വെസ്റ്റ് ബാങ്കില്‍ പതിറ്റാണ്ടുകള്‍ക്കിടയിലെ ഇസ്രയേലിന്റെ ഏറ്റവും വലിയ ആക്രമണം മാറ്റമില്ലാതെ രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇതുവരെയായി ജെനിനില്‍ 10 ഫലസ്തീനുകളും റാമല്ലയില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. ഫലസ്തീനിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ റെയ്ഡില്‍ പരുക്കേറ്റവരുടെ എണ്ണം വര്‍ധിക്കുകയാണ്.

തിങ്കളാഴ്ച പുലര്‍ച്ച നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലധികം പേര്‍ക്കാണ് പരുക്കേറ്റത്. 1,000-ലധികം ഇസ്രായേലി സൈനികരുടെ നേതൃത്വത്തിലാണ് ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ റെയ്ഡ് നടത്തിയത്. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുന്നവരെ പോലും ഇസ്രായേല്‍ സേന തടയുന്നുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അര ചതുരശ്ര കിലോമീറ്ററില്‍ താഴെ മാത്രം വിസ്തൃതിയില്‍ 14,000 പേര്‍ താമസിക്കുന്ന ജെനിന്‍ ക്യാമ്പില്‍ നിന്ന് മൂവായിരത്തോളം പേരെ ഒഴിപ്പിച്ചതായി ഫലസ്തീന്‍ റെഡ് ക്രസന്റ് ചൊവ്വാഴ്ച അറിയിച്ചു. ഇസ്രായേലിന്റെ ആക്രമണത്തിന്റെ തോത് സംബന്ധിച്ച് യു.എന്‍ ഏജന്‍സികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്കന്‍ ഭാഗത്താണ് ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ആക്രമണമാണിത്. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളില്‍ ഏകദേശം 3,000 ഫലസ്തീനികള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. 2002ല്‍ രണ്ടാം ഇന്‍തിഫാദയില്‍ ഇസ്രായേല്‍ സൈനികരുടെ ആക്രമണത്തില്‍ ജെനിന്‍ ക്യാമ്പ് തകര്‍ന്നിരുന്നു.

അതേസമയം, ചൊവ്വാഴ്ച ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവില്‍ കാര്‍ ഇടിച്ചുകയറ്റി നിരവധി പേര്‍ക്ക് പരുക്കേറ്റു. മനപൂര്‍വമുള്ള കാറപകടമാണെന്നും ഒരാള്‍ കൊല്ലപ്പെട്ടതായും ഇസ്രായേല്‍ പൊലിസ് അറിയിച്ചു. ഇസ്രായേല്‍ സിവിലിയന്മാര്‍ക്ക് നേരെ കാറിടിച്ച് കയറ്റുകയായിരുന്നെന്നും പിന്നീട് ആക്രമിയെ കീഴ്‌പെടുത്തിയെന്നും പൊലിസ് അറിയിച്ചു. എത്ര പേര്‍ക്ക് പരുക്കുണ്ടെന്നത് വ്യക്തമല്ല.

tel aviv

സംഭവത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തിട്ടുണ്ട്. ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയുടെ പ്രാരംഭ പ്രതികരണമാണിതെന്നും ഹമാസ് അറിയിച്ചു. എന്നാല്‍ ഹമാസിന് ഇതില്‍ നേരിട്ട് പങ്കില്ലെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Related Articles