Current Date

Search
Close this search box.
Search
Close this search box.

മുസ്ലിംകള്‍ക്കെതിരായ അതിക്രമം: സുപ്രീം കോടതിയെ സമീപിച്ച് ജംഇയ്യത്തുല്‍ ഉലമാഎ ഹിന്ദ്

ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലിംകള്‍ക്കെതിരെ അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്ത് ജംഇയ്യത്തുല്‍ ഉലമാഎ ഹിന്ദ്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്ലീങ്ങളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ബുള്‍ഡോസറിന്റെ അപകടകരമായ രാഷ്ട്രീയത്തിനെതിരെയാണ് ജംഇയ്യത്തുല്‍ ഉലമ ഇ ഹിന്ദ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് പ്രസിഡന്റ് അര്‍ഷദ് മദനി ട്വീറ്റ് ചെയ്തു. ഇന്ന് ന്യൂനപക്ഷങ്ങള്‍ മാത്രമല്ല രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും അപകടത്തിലാണെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലിംകളുടെ സ്വത്തുക്കളും വീടുകളും സര്‍ക്കാര്‍ അധികൃതര്‍ നേരിട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്ന നടപടികളില്‍ കോടതി ഇടപെടണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. കോടതികള്‍ ചെയ്തിരുന്നത് സര്‍ക്കാരുകളും ചെയ്യുന്നു. ഇന്ത്യയിലെ നിയമവാഴ്ച അവസാനിച്ചതായി തോന്നുന്നു,ജംഇയ്യത്തുല്‍ ഉലമായുടെ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച, മധ്യപ്രദേശിലെയും ഗുജറാത്തിലെയും സര്‍ക്കാര്‍ മുസ്ലിംകളുടെ ഡസന്‍ കണക്കിന് വീടുകളും കടകളും തകര്‍ത്തിരുന്നു. രാമനവമി ഉത്സവത്തോടനുബന്ധിച്ച് നടന്ന മുസ്ലീം വിരുദ്ധ അക്രമവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി അറസ്റ്റ് ചെയ്യപ്പെടുകയോ കേസെടുക്കുകയോ ചെയ്തതെല്ലാം മുസ്ലീംകള്‍ക്കെതിരാണ്.

Related Articles