Current Date

Search
Close this search box.
Search
Close this search box.

വേണ്ടത് ലഹരിമുക്ത കേരളത്തിനായുള്ള പ്രയത്നം: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: കേരളത്തിന് വന്‍ഭീഷണിയായി മാറുന്ന മയക്കുമരുന്നിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങാനുള്ള കേരള നിയമസഭയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതായി ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. ഭാവി കേരളത്തെ അപകടപ്പെടുത്തുകയും സമൂഹത്തെ ക്രിമിനല്‍വല്‍ക്കരിക്കുകയും ചെയ്യുന്ന ഭീഷണിയാണ് മയക്കുമരുന്ന്.

വിപത്തിന്റെ വ്യാപ്തിയും ആഴവും ഭരണകര്‍ത്താക്കള്‍ അതിന്റെ ഗൗരവത്തില്‍ മനസ്സിലാക്കുന്നുവെന്നാണ് നിയമസഭയുടെ നിലപാടില്‍ നിന്നും മനസ്സിലാക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഐക്യപ്പെട്ട് നടത്തുന്ന അത്യപൂര്‍വം കാമ്പയിനാണിത്. നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ച വിവിധ നടപടികളും ബോധവല്‍ക്കരണ പരിപാടികളും കാര്യക്ഷമമായി തന്നെ നടപ്പിലാക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, മുഴുവന്‍ ലഹരി പദാര്‍ഥങ്ങളുടെയും ലഭ്യതയും ഉപയോഗവും കുറക്കാനും സംസ്ഥാനത്ത് നിന്ന് പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമവുമാണ് ജനാധിപത്യ സ്വഭാവത്തിലുള്ള സര്‍ക്കാറില്‍ നിന്നും നിയമനിര്‍മാണ സഭയില്‍ നിന്നും ഉണ്ടാകേണ്ടത്. ലഹരി പദാര്‍ഥങ്ങള്‍ സമ്പൂര്‍ണമായും നിരോധിക്കണം. മദ്യമുള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ ഇന്ന് സംസ്ഥാനത്ത് നിയമപ്രകാരം സുലഭമാണ്.

മദ്യവില്‍പനയിലൂടെയുള്ള വരുമാനം സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ താങ്ങിനിര്‍ത്തുന്നുവെന്ന കാഴ്ചപ്പാട് അംഗീകരിക്കാനാവില്ല. അതിനേക്കാള്‍ വലിയ ആഘാതം കുടുംബ, സാംസ്‌കാരിക, ആരോഗ്യ തലങ്ങളില്‍ മദ്യം ഏല്‍പിക്കുന്നുണ്ട്.
സമൂഹത്തിന്റെ ലഹരി ഉപയോഗത്തിലൂടെയുള്ള വരുമാനത്തെ ആശ്രയിക്കുന്നത് സംസ്ഥാനത്തിന്റെ ധാര്‍മിക, സാമ്പത്തിക തകര്‍ച്ചയേയും ഭരണകര്‍ത്താക്കളുടെ ആസൂത്രണ പരാജയത്തെയുമാണ് വെളിപ്പെടുത്തുന്നത്.

ലഹരി കേരളത്തിന്റെ തലമുറയെ നശിപ്പിച്ചുക്കൊണ്ടിരിക്കുന്നു. സത്രീകളും കുട്ടികളുമുള്‍പ്പെടെ ജനങ്ങള്‍ കുടുംബത്തിനകത്തും പൊതു ഇടങ്ങളിലും ലഹരി ഉപയോക്താക്കള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണ്. പൊതുജനാരോഗ്യത്തേയും അപകടപ്പെടുത്തിയിട്ടുണ്ട്. ഇതറിയാത്തവരല്ല നിയമസഭാ സാമാജികരും ഉദ്യോഗസ്ഥരും. ലഹരി ഉപയോഗത്തെ സമഗ്രമായി അഭിമുഖീകരിക്കാത്ത ശ്രമങ്ങള്‍ ഭാഗികഫലമേ ചെയ്യൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles