Current Date

Search
Close this search box.
Search
Close this search box.

ജോര്‍ദാന്‍ രാജാവുമായി രഹസ്യ കൂടിക്കാഴ്ച നടത്തി നഫ്താലി ബെന്നറ്റ്

തെല്‍അവീവ്: ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും രഹസ്യ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ചയെന്ന് ഇസ്രായേല്‍ ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് വര്‍ഷത്തിനിടയില്‍ ഇരു രാജ്യങ്ങളുടെ നേതാക്കള്‍ തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇസ്രായേല്‍ പ്രധാനമന്ത്രിയായി പുതുതായി അധികാരത്തിലേറി ഒരു മാസം തികയും മുന്‍പാണ് ബെന്നറ്റ് കൂടിക്കാഴ്ചക്കായി ജോര്‍ദാനിലേക്ക് പറന്നത്. ജോര്‍ദാനിലെ കടുത്ത ജലക്ഷാമവും ഇക്കാര്യത്തില്‍ ഇസ്രായേലിന്റെ സഹായവുമാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നും ഹാരെറ്റ്‌സ് പറഞ്ഞു.

വ്യാഴാഴ്ച, ഇസ്രായേല്‍ വിദേശകാര്യ മന്ത്രി യെയ്ര്‍ ലാപിഡ് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദിയുമായി കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ വാര്‍ത്ത പുറത്തുവന്നത്. കടുത്ത വരള്‍ച്ചയെ നേരിടുന്ന ജോര്‍ദാന് 50 ദശലക്ഷം ഘനമീറ്റര്‍ വെള്ളം വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ഇരു വിദേശകാര്യ മന്ത്രിമാര്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞയാഴ്ചത്തെ ഇരു രാഷ്ട്രനേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ച ഏറെ പോസിറ്റീവായിരുന്നു, ജോര്‍ദാനിലേക്കുള്ള ജല കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനം ബെന്നറ്റ് അബ്ദുല്ലയെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതീവ രഹസ്യമായി നടന്ന കൂടിക്കാഴ്ച ചോര്‍ന്നതില്‍ ജോര്‍ദാന്‍ ഭരണകൂടം അസംതൃപ്തരാണ്.

Related Articles