Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവിന്റെ തുടര്‍ഭരണത്തിനെതിരെ ഇസ്രായേലില്‍ ആയിരങ്ങളുടെ പ്രതിഷേധം

തെല്‍അവീവ്: ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തുടര്‍ഭരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഞായറാഴ്ച പ്രതിഷേധവുമായി ആയിരങ്ങളാണ് തലസ്ഥാനമായ തെല്‍ അവീവില്‍ എത്തിയത്. കോവിഡ് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ സാമൂഹിക അകലം പാലിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നെതന്യാഹുവും അദ്ദേഹത്തിന്റെ എതിരാളിയായിരുന്നു ബെന്നി ഗാന്റ്‌സും കൂട്ടുചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്.

നിലവിലെ സഖ്യം ജനാധിപത്യത്തിന് ഭീഷണിയാണെന്നും പ്രക്ഷോഭകര്‍ മുദ്രാവാക്യം മുഴക്കി. കറുത്ത പതാകയുമേന്തിയായിരുന്നു പ്രക്ഷോഭം. മാസ്‌ക് ധരിച്ചും ആറടി അകലം പാലിച്ചുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഏകദേശം രണ്ടായിരത്തിനടുത്ത് ആളുകളാണ് റോഡിലിറങ്ങിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വര്‍ഷത്തിനിടെ മൂന്ന് തവണ പൊതുതെരഞ്ഞെടുപ്പ് നടത്തിയിട്ടും ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ലികുഡ് പാര്‍ട്ടിയും ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയും തീരുമാനിച്ചത്. സര്‍ക്കാര്‍ ജനങ്ങളുടെ ഫോണ്‍ ട്രാക്ക് ചെയ്യുന്നതിന് എതിരെയും കൂടിയാണ് സമരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles