Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്കു നേരെ ഇസ്രായേലിന്റെ ജെറ്റ് ആക്രമണം

ജറൂസലേം: ജറൂസലേമില്‍ ഇസ്രായേലും ഫലസ്തീനികളും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഗസ്സയിലേക്ക് ഇസ്രായേല്‍ ജെറ്റ് ആക്രമണം നടത്തി. ഉപരോധ ഗസ്സ മുനമ്പില്‍ നിന്നും കഴിഞ്ഞ ദിവസം ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ പതിച്ചു എന്നാരോപിച്ചാണ് ഇസ്രായേല്‍ സൈന്യം ജെറ്റ് ആക്രമണം നടത്തിയത്.

ഗസ്സ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസിന്റെ ഭൂഗര്‍ഭ അടിസ്ഥാന സൈനിക കേന്ദ്രങ്ങളും ഹമാസിന്റെ റോക്കറ്റ് ലോഞ്ചറുകളും ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഗസ്സ മുനമ്പിലെ യുദ്ധവിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും നിരവധി ഹമാസ് സൈനിക പോസ്റ്റുകളും ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.
ഗസ്സയില്‍ നിന്നും തൊടുത്തുവിട്ട 36 റോക്കറ്റുകളും തങ്ങള്‍ തടഞ്ഞിട്ടുവെന്നും ചിലത് തുറന്ന സ്ഥലത്ത് പതിക്കുകയായിരുന്നെന്നും ഇസ്രായേല്‍ അറിയിച്ചു.

ഗസ്സയുടെ റോക്കറ്റ് ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ ടാങ്കുകള്‍ ഗാസയ്ക്ക് നേരെ ഷെല്ലാക്രമണം നടത്തിയെന്നും സൈനിക പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ഗസ്സയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ സൈനിക വെടിവയ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി വഫ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ജറൂസലേമിലേക്ക് ഫലസ്തീനികളെ പ്രവേശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ സൈന്യവും ഫലസ്തീനികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

Related Articles