Current Date

Search
Close this search box.
Search
Close this search box.

കൊന്നിട്ടും കൊന്നിട്ടും പക തീരാതെ ഇസ്രായേല്‍

വെസ്റ്റ് ബാങ്ക്: ഫലസ്തീനികളെ കൊന്നിട്ടും കൊന്നിട്ടും പക തീരാതെ ഇസ്രായേല്‍. ഫലസ്തീനികളെ കൊല്ലുന്നത് വിനോദമായി എടുത്തിരിക്കുയാണ് അധിനിവേശ ഇസ്രായേല്‍ സേന. വ്യാഴാഴ്ച രാത്രി ഇസ്രായേല്‍ സൈന്യം അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടത്തിയ റെയ്ഡിനിടെ രണ്ട് ഫലസ്തീനികളെ വെടിവച്ചു കൊന്നു, കുറഞ്ഞത് മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

25 കാരനായ ഹബീബ് കാമിലും 18 കാരനായ അബ്ദല്‍ ഹാദി നസലുമാണ് മരിച്ചവരെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ജെനിന് തെക്ക് ഖബാതിയ ഗ്രാമത്തിലാണ് ഇസ്രായേലി സൈന്യം റെയ്ഡ് നടത്തിയത്. തലയിലേക്ക് നിരവധി വെടിയുണ്ടകളേറ്റാണ് കാമില്‍ കൊല്ലപ്പെട്ടതെന്നും കഴുത്തിലും നെഞ്ചിലും വെടിയേറ്റാണ് നസല്‍ കൊല്ലപ്പെട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആക്രമണം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന ഫലസ്തീനിയായ മുഹമ്മദ് അലൗനയെ അറസ്റ്റ് ചെയ്യാനാണ് തങ്ങളുടെ സൈന്യം ഖബാത്തിയയില്‍ പ്രവേശിച്ചതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. റെയ്ഡിനിടെ കാമിലും നസലും എന്താണ് ചെയ്തതെന്ന് വ്യക്തമല്ല.

നേരത്തെ, കിഴക്കന്‍ ജറുസലേമിന്റെ പ്രാന്തപ്രദേശത്തുള്ള കലാന്‍ഡിയ അഭയാര്‍ത്ഥി ക്യാമ്പില്‍ നടത്തിയ റെയ്ഡിനിടെ 41 വയസ്സുള്ള സമീര്‍ അവ്‌നി ഹര്‍ബി അസ്ലാനെ ഇസ്രായേല്‍ സൈന്യം വധിച്ചിരുന്നു. അതിനു മുന്‍പ് കഴിഞ്ഞയാഴ്ച നിരവധി നിരായുധരായ ഫലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ സൈന്ം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

വ്യാഴാഴ്ചത്തെ മരണത്തോടെ വെസ്റ്റ് ബാങ്കിൽ ഈ വർഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഒമ്പതായി.

Related Articles