Current Date

Search
Close this search box.
Search
Close this search box.

ഭക്ഷണത്തിനായി കാത്തുനിന്നവരെ കൂട്ടക്കൊല ചെയ്ത് ഇസ്രായേല്‍

ഗസ്സ സിറ്റി: ഗസ്സയില്‍ ഭക്ഷ്യ സഹായങ്ങള്‍ സ്വീകരിക്കാന്‍ കാത്തുനിന്നവരെ കൂട്ടക്കശാപ്പ് നടത്തി ഇസ്രായേല്‍ സൈന്യം. തെക്ക് പടിഞ്ഞാറന്‍ ഗസ്സ നഗരത്തിലെ തീരപ്രദേശമായ അല്‍ റാഷിദ് സ്ട്രീറ്റിലാണ് വെടിവെപ്പുണ്ടായത്. ജനക്കൂട്ടത്തിനു നേരെ ഇസ്രായേല്‍ സേന നടത്തിയ വെടിവയ്പില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വ്യാഴാഴ്ച രാത്രിയാണ് ഇസ്രായേല്‍ സൈന്യം ഷെല്ലാക്രമണത്തില്‍ 104 ഫലസ്തീനികളെ കൊലപ്പെടുത്തിയത്. നൂറുകണക്കിന് ഫലസ്തീനികളാണ് ദോവര്‍ അല്‍-നബ്ലൂസിന് സമീപം ഭക്ഷ്യ സഹായം സ്വീകരിക്കാനായി കാത്തുനിന്നത്. അവര്‍ക്ക് നേരെയാണ് ഇസ്രായേല്‍ വെടിവെപ്പ് നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ‘ഈ ഭീകരമായ കൂട്ടക്കൊല നടത്താന്‍ അധിനിവേശ സൈന്യം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നുവെന്ന്’ പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേലിന്റെ ക്രൂരനടപടിയില്‍ ശക്തമായ പ്രതിഷേധവുമായി വിവിധ രാഷ്ട്രതലവന്മാരും യു.എന്നും രംഗത്തെത്തിയിട്ടുണ്ട്. ‘ഗുരുതര സംഭവം’ എന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. ഗസ്സയിലെ കൂട്ടക്കൊലയില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന് യു.എന്‍ പ്രസ്താവിച്ചു. ‘താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ ഗസ്സയിലേക്കുള്ള മാനുഷിക സഹായത്തിന്റെ ഒഴുക്ക് വിപുലീകരിക്കേണ്ടതിന്റെയും നിലനിര്‍ത്തുന്നതിന്റെയും പ്രാധാന്യമാണ് ഇത് അടിവരയിടുന്നതെന്നും’ യു.എന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

ഗസ്സ സിറ്റിക്ക് സമീപം മാനുഷിക സഹായത്തിനായി കാത്തിരിക്കുന്ന ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ വെടിയുതിര്‍ത്തതിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. ‘നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ വിലപിക്കുന്നു, നിരപരാധികളായ ഫലസ്തീനികള്‍ അവരുടെ കുടുംബത്തിന്റെ വിശപ്പടക്ാന്‍ ശ്രമിക്കുന്ന ഗാസയിലെ ഭയാനകമായ മാനുഷിക സാഹചര്യത്തെ ഞങ്ങള്‍ തിരിച്ചറിയുന്നു,” വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

‘അഭൂതപൂര്‍വമായ യുദ്ധക്കുറ്റം’ എന്നാണ് ഹമാസ് ഇതിനെ വിശേഷിപ്പിച്ചത്. സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു.എന്‍ ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരും. അള്‍ജീരിയയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് യോഗം.

Related Articles