Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിന്നുള്ള ഇന്നത്തെ പ്രധാന അപ്‌ഡേറ്റുകള്‍

ഗസ്സ സിറ്റി: ഗസ്സക്കെതിരായ സയണിസ്റ്റ് ഭീകരരുടെ അധിനിവേശ യുദ്ധം 13ാം ദിനത്തിലേക്ക് കടക്കുമ്പോഴും വ്യോമാക്രമണങ്ങള്‍ക്ക് യാതൊരു കുറവുമില്ല. സാധാരണ ജനം ഏറ്റവും സുരക്ഷിത കേന്ദ്രമെന്ന് കരുതിയ ആശുപത്രികള്‍ക്ക് നേരെയും ഇസ്രായേല്‍ സേന ബോംബ് വര്‍ഷിച്ചതോടെ ഭയത്തിന്റെയും നിസ്സഹായതയുടെയും അന്തരീക്ഷത്തിലാണ് ഫലസ്തീന്‍ ജനത.

ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ അടിയന്തര യോഗം സൗദി തലസ്ഥാനമായ റിയാദില്‍ പുരോഗമിക്കുകയാണ്.

പ്രസിഡന്റ് എര്‍ദോഗന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് തുര്‍ക്കി യോഗത്തില്‍ പറഞ്ഞു. ഗാസയില്‍ സംഭവിക്കുന്നത് അവസാനിപ്പിക്കണം. സംഘര്‍ഷം ശാശ്വതമായി അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം 1967 ലെ അതിര്‍ത്തികള്‍ക്കനുസൃതമായി ദ്വിരാഷ്ട്ര പരിഹാരമാണെന്നും തുര്‍ക്കി ആവര്‍ത്തിച്ചു.

അനധികൃത വാസസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണം ഫലസ്തീനികളോടുള്ള കൂട്ട ശിക്ഷ അംഗീകരിക്കാനാവില്ല. സഹായം തടയുന്നതും അസ്വീകാര്യമാണെന്നും തുര്‍ക്കി പറഞ്ഞു.

ഇസ്രായേലിന് പിന്തുണ അറിയിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച തെല്‍ അവീവിലെത്തി. തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഗസ്സയിലെ ഇസ്രായേലിന്റെ യുദ്ധത്തിന് അമേരിക്കയുടെ പിന്തുണ പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും ഉറപ്പുനല്‍കി. ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 500 പേര്‍ കൊല്ലപ്പെട്ടുതിന് തൊട്ടുപിന്നാലെയായിരുന്നു ബൈഡന്റെ സന്ദര്‍ശനം.

ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ആണ് ആശുപത്രിക്ക് നേരെ റോക്കറ്റ് തെറ്റായി വിക്ഷേപിച്ചതെന്ന ഇസ്രായേലിന്റെ ആരോപണം തള്ളി ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് രംഗത്തെത്തി.

ആശുപത്രി ആക്രമണത്തെ തുടര്‍ന്ന് ജോര്‍ദാന്‍ യു.എസ്, ഈജിപ്ത് പ്രസിഡന്റുമാരുമായുള്ള ഉച്ചകോടി റദ്ദാക്കി. ഫലസ്തീന്‍ നേതാവ് മഹ്‌മൂദ് അബ്ബാസും നേരത്തെ യോഗത്തില്‍ നിന്ന് പിന്മാറിയിരുന്നു. ആശുപത്രി ആക്രമണത്തെ അപലപിച്ച് വിവിധ രാഷ്ട്രതലവന്മാര്‍ രംഗത്തെത്തി. ‘ഉടന്‍ മാനുഷിക വെടിനിര്‍ത്തല്‍’ വേണമെന്ന് യുഎന്‍ മേധാവി ആഹ്വാനം ചെയ്തു.

ഒക്ടോബര്‍ 7 ന് ആരംഭിച്ച് ആക്രമണത്തില്‍ ഇതുവരെയായി ഇസ്രായേലില്‍ 1400 ആളുകളും ഫലസ്തീനില്‍ ഏകദേശം 3,500 ഓളം പേരും കൊല്ലപ്പെട്ടു. 12000 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അല്‍-അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പശ്ചിമേഷ്യയിലെ വിവിധ രാഷ്ട്രങ്ങളില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇറാന്‍, ജോര്‍ദാന്‍, ലെബനാന്‍, തുനീഷ്യ, വെസ്റ്റ് ബാങ്ക്, ഖത്തര്‍, തുര്‍ക്കി തുടങ്ങി ആക്രമണത്തെ അപലപിച്ച് എട്ട് രാജ്യങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി.

ഗസ്സയിലെ സിവിലിയന്‍മാര്‍ക്കെതിരായ യുദ്ധത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം യു.എസിനും ഇസ്രായേലിനെ പിന്തുണയ്ക്കുന്ന മറ്റു പാശ്ചാത്യ രാജ്യങ്ങള്‍ക്കുമാണെന്ന് ഹമാസ് ഉദ്യോഗസ്ഥനായ ഒസാമ ഹംദാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗാസയുടെ വ്യോമാതിര്‍ത്തിയും പ്രദേശിക ജലവിതരണവും, കൂടാതെ മൂന്ന് അതിര്‍ത്തി കടക്കുന്ന ചെക്‌പോയിന്റുകളില്‍ രണ്ടെണ്ണവും നിയന്ത്രിക്കുന്നത് ഇസ്രായേലാണ്. മൂന്നാമത്തെ അതിര്‍ത്തിയായ റഫ ഈജിപ്തിന്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞയാഴ്ച, ഇസ്രായേല്‍ ഗാസയില്‍ ‘സമ്പൂര്‍ണ ഉപരോധം’ ഏര്‍പ്പെടുത്തിയത് മുതല്‍ ഇവയെല്ലാം അടഞ്ഞുകിടക്കുകയാണ്.

 

 

 

Related Articles