Current Date

Search
Close this search box.
Search
Close this search box.

‘ഇസ്‌ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍’: ക്യാംപയിന് പ്രൗഢോജ്വല തുടക്കം

കൊച്ചി: ‘ഇസ്‌ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍’ എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാംപയിന് പ്രൗഢോജ്വല തുടക്കം. എറണാകുളം ടൗണ്‍ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ പ്രസിഡന്റ് സയ്യിദ് സആദത്തുല്ല ഹുസൈനി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.

രാജ്യത്തിന്റെ വര്‍ത്തമാന കാലത്ത് സഹിഷ്ണുതയുടെയും സംസ്‌കാരത്തിന്റെയും വെളിച്ചം പകരുന്ന മാര്‍ഗദര്‍ശിനിയാണ് കേരളമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സമുദായ ധ്രുവീകരണവും മതവൈരവും സൃഷ്ടിക്കാനുള്ള ബോധപൂര്‍വ ശ്രമങ്ങള്‍ക്കെതിരെയാണ് ക്യാംപയിന്‍. ഇസ്‌ലാമിനെ വസ്തുനിഷ്ഠമായി കേരളീയ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ക്യാംപയിന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ടി. ആരിഫലി മുഖ്യപ്രഭാഷണം നടത്തി. കേരള ജനറല്‍ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ കാമ്പയിന്‍ പ്രമേയം വിശദീകരിച്ചു. ക്യാംപയിനിന്റെ ഭാഗമായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ കേരളത്തിലുടനീളം സംവാദ സദസുകള്‍, സെമിനാറുകള്‍, ഗൃഹസന്ദര്‍ശനം, ടേബിള്‍ ടോക്ക്, പഠന പരിപാടികള്‍, സൗഹൃദ കൂട്ടായ്മകള്‍, ആശയ പ്രചാരണം, വിവിധ മത്സരങ്ങള്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹക്കീം നദ്‌വി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി റഹ്‌മാബി, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുല്‍ത്താന, ശൈഖ് മുഹമ്മദ് കാരക്കുന്ന്, എച്ച് ഷഹീര്‍ മൗലവി, യൂസുഫ് ഉമരി, പി.പി അബ്ദുറഹ്‌മാന്‍ പെരിങ്ങാടി, അബൂബക്കര്‍ ഫാറൂഖി, എം.പി ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

Related Articles