Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ കരാര്‍: യു.എ.ഇ മുസ്‌ലിം ലോകത്തെ വഞ്ചിച്ചുവെന്ന് ഖാംനഈ

തെഹ്‌റാന്‍: യു.എ.ഇക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി ഇറാന്‍ പരമോന്നത നേതാവ് ആയതുള്ള അലി ഖാംനഈ.
ഇസ്രായേലുമായുള്ള നയതന്ത്ര കരാറിലൂടെ മുസ്‌ലിം ലോകത്തെയാണ് യു.ഇ.എ വഞ്ചിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘തീര്‍ച്ചയായും യു.എ.ഇയുടെ വിശ്വാസവഞ്ചന അധികകാലം നിലനില്‍ക്കില്ല. എന്നാല്‍ ഈ കളങ്കം എല്ലായിപ്പോഴും ഓര്‍മിക്കപ്പെടും. അവര്‍ ഫലസ്തീനെ മറക്കുകയും സയണിസ്റ്റ് ഭരണകൂടത്തിന് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു. എമിറാത്തികള്‍ എന്നെന്നേക്കുമായി അപമാനിക്കപ്പെടും. അവര്‍ ഉണരുകയും അവരുടെ ചെയ്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്യുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’- ഖാംനഈ പറഞ്ഞു.

യു.എസിന്റെ മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച ഇസ്രായേല്‍-യു.എ.ഇ കരാറിനെതിരെ ആദ്യം മുതല്‍ തന്നെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്ന രാജ്യമാണ് ഇറാന്‍. ഇറാന്‍ ദീര്‍ഘകാലമായി ശത്രുരാഷ്ട്രമായാണ് ഇസ്രായേലിനെ കണക്കാക്കുന്നത്.

അതേസമയം, ഖാംനഈയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞ് യു.എ.ഇ രംഗത്തെത്തി. സമാധാനത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള പാത പ്രലോഭനത്തിലൂടെയും വിദ്വേഷ ഭാഷണത്തിലൂടെയും അല്ലെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയ വക്താവ് ജമാല്‍ അല്‍ മുഷാറഖ് പറഞ്ഞു. ഇത്തരത്തിലുള്ള വാചാടോപങ്ങള്‍ പ്രദേശത്തെ സമാധാനത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles