Current Date

Search
Close this search box.
Search
Close this search box.

ലോകശക്തികളുമായുള്ള ആണവ ചര്‍ച്ചകള്‍ നവംബര്‍ 29ന് തുടരും: ഇറാന്‍

തെഹ്‌റാന്‍: ലോക വന്‍ശക്തികളുമായുള്ള ഇറാന്റെ ആണവ കരാര്‍ ചര്‍ച്ചകള്‍ ഈ മാസം 29ന് പുനരാരംഭിക്കുമെന്ന് ഇറാന്‍ അറിയിച്ചു. ലോകശക്തികളുമായുള്ള രാജ്യത്തിന്റെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ച ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ വെച്ചാണ് നടക്കുകയെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബഗേരി ഖനി പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ മധ്യസ്ഥനായ എന്റിക്വ് മോറയുമായി ടെലിഫോണില്‍ നടത്തിയ സംഭാഷണത്തിലാണ് ഇറാന്‍ ഇക്കാര്യം ഔദ്യോഗികമായി തീരുമാനിച്ചത്. ഖനി വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്.

2018 മേയില്‍ ഉണ്ടാക്കിയ ലോകശക്തികളുമായുള്ള ആണവകരാറില്‍ നിന്ന് യു.എസ് ഏകപക്ഷീയമായി പിന്‍മാറുകയും ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

കരാറിലെ ശേഷിക്കുന്ന കക്ഷികളായ – ചൈന, റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, യു.കെ എന്നിവരുമായി വിയന്നയില്‍ ആറ് റൗണ്ട് ചര്‍ച്ചകള്‍ നടന്നിരുന്നു. ജൂണ്‍ അവസാനം സമാപിച്ച ചര്‍ച്ചയില്‍ യു.എസ് പരോക്ഷമായി പങ്കെടുത്തിരുന്നു. ഇറാന്‍ പ്രസിഡന്റായി ഇബ്രാഹിം റഈസി അധികാരമേറ്റെടുത്തതിന് ശേഷമാണ് ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിച്ചത്.

അതേസമയം, ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത യൂറോപ്യന്‍ യൂണിയനും സ്ഥിരീകരിച്ചു, യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസഫ് ബോറെലിന് വേണ്ടി മോറയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Related Articles