Current Date

Search
Close this search box.
Search
Close this search box.

ഗുരുഗ്രാമില്‍ പള്ളിക്കു നേരെ തീവെപ്പ്; ഇമാം വെന്തു മരിച്ചു, കത്തിച്ചത് മേഖലയിലെ ഏക മുസ്ലിം പള്ളി

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ വര്‍ഗ്ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ കലാപകാരികള്‍ മുസ്ലിം പള്ളിക്കു നേരെ തീവെപ്പ് നടത്തി. പള്ളിയിലെ ഇമാമിനെ അടക്കമാണ് തീ കൊളുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നടുക്കുന്ന സംഭവമുണ്ടായത്. ഹരിയാനയിലെ നൂഹ് ജില്ലക്കു സമീപം സെക്ടര്‍ 57ലാണ് ഒരു കൂട്ടം കലാപകാരികള്‍ ചേര്‍ന്ന് പള്ളിക്ക് തീ കൊളുത്തയിത്. പള്ളിയുടെ രണ്ടാം ഇമാം 19 കാരനായ സഅദാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തോക്കുകളും വാളുകളും ലാത്തികളുമായി അര്‍ധരാത്രിയോടെയാണ് അക്രമികള്‍ എത്തിയതെന്ന് മസ്ജിദ് കമ്മിറ്റി അംഗം മുഹമ്മദ് അസ്ലം പറഞ്ഞു.

വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയില്‍ പങ്കെടുത്തവരും മുസ്ലീം വിഭാഗവും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഹരിയാനയിലെ പല ജില്ലകളിലും വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. നൂഹിലെ ഖെദ്ല മോഡ് ഏരിയയ്ക്ക് സമീപം ഘോഷയാത്ര തടയുകയും ഭക്തര്‍ക്ക് നേരെ കല്ലെറിയുകയും മുസ്ലീം സമുദായത്തിലെ അംഗങ്ങള്‍ നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തതായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നൂഹിലെ അക്രമത്തില്‍ രണ്ട് ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ബല്ലഭ്ഗഡിലെ ഒരു ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

നൂഹിലും മറ്റ് പ്രദേശങ്ങളിലും സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായിരുന്നുവെങ്കിലും ചൊവ്വാഴ്ച രാവിലെ മുതല്‍ പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നൂഹ്, ഗുരുഗ്രാം, പല്‍വാല്‍, ഫരീദാബാദ് എന്നിവിടങ്ങളില്‍ വലിയ കൂടിച്ചേരലുകള്‍ നിരോധിച്ചുകൊണ്ട് ഭരണകൂടം നിരോധന ഉത്തരവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച വരെ നൂഹില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. അക്രമവുമായി ബന്ധപ്പെട്ട് പോലീസ് 20 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

‘2021-22ല്‍ തുറസ്സായ സ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നതിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ എതിര്‍ത്തിരുന്നുവെന്നും ഞങ്ങള്‍ ജുമുഅ അടക്കം നടത്തുന്ന ഗുരുഗ്രാമിലെ ഒരേയൊരു പള്ളിയായിരുന്നു ഇതെന്നും മസ്ജിദ് ഭാരവാഹികള്‍ പറഞ്ഞു. ഇതുവരെ പള്ളിക്കു നേരെ യാതൊരു ശല്യമോ ഭീഷണിയോ ഇല്ലായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഈ പള്ളിയും വര്‍ഗീയ ശക്തികള്‍ കത്തിച്ചുവെന്നും അദ്ദേഹം സ്‌ക്രോളിനോട് പറഞ്ഞു.

Related Articles