Current Date

Search
Close this search box.
Search
Close this search box.

ഇത്തവണത്തേത് ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ്; സര്‍വസജ്ജമായി മക്ക

റിയാദ്: ശുഭ്ര വസ്ത്രധാരികളായ ഹാജിമാര്‍ നാഥന്റെ വിളിക്കുത്തരം നല്‍കി ലബ്ബൈക്ക് വിളികളുമായി കഅ്ബ വലയം വെച്ച് തുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമമായ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. ഹജ്ജിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഹജ്ജാണ് ഇത്തവണത്തെത് എന്ന പ്രത്യേകതയുമുണ്ട്. 25 ലക്ഷത്തിലധികം മുസ്ലീങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതിനായി സര്‍വസജ്ജമായിരിക്കുകയാണ് പുണ്യ നഗരിയായ മക്കയും മദീനയും. കോവിഡ് ഇടവേളക്ക് ശേഷം ഇതാദ്യമായാണ് സര്‍വ സന്നാഹത്തോടെ ഹജ്ജ് നടക്കുന്നത്. ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫ സംഗമത്തിന് ചൊവ്വാഴ്ചയാണ്. ഇതിന് മുന്നോടിയായി ഹാജിമാര്‍ ഞായറാഴ്ച മുതല്‍ മിനയിലെത്തിതുടങ്ങി. തിങ്കളാഴ്ചയോടെ മുഴുവന്‍ ഹാജിമാരും മിനയിലെത്തും.

ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും ആധുനിക സാങ്കേതിക വിദ്യായ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) അടക്കമുള്ള സംവിധാനങ്ങളും സൈന്യത്തിന്റെ നേതൃത്വത്തില്‍ അതീവ സുരക്ഷയും നീരീക്ഷണവുമൊരുക്കി സര്‍വസന്നാഹത്തോടെ ഒരുങ്ങിയിരിക്കുകയാണ് വിശുദ്ധ നഗരി.

 

 

2020 മുതല്‍ നിലവിലുള്ള കൊറോണ വൈറസ് പാന്‍ഡെമിക് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഇളവ് ചെയ്തതിനാല്‍ 2020ല്‍ കോവിഡ് മൂര്‍ഛിച്ച സമയത്ത് വെറും 10,000 ആളുകള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി ലഭിച്ചിരുന്നത്. 2021-ല്‍ 59,000 പേര്‍ക്കും കഴിഞ്ഞ വര്‍ഷം 10 ലക്ഷം ആളുകളുമായിരുന്നു പങ്കെടുത്തിരിക്കുന്നത്.

ഞായറാഴ്ച വൈകുന്നേരം മുതല്‍, തീര്‍ത്ഥാടകര്‍ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്നും ഗ്രാന്‍ഡ് മോസ്‌കില്‍ നിന്നോ ഏകദേശം 8 കിലോമീറ്റര്‍ (5 മൈല്‍) അകലെയുള്ള മിനയിലേക്ക് കാല്‍നടയായി പോയിതുടങ്ങി. തുടര്‍ന്ന് ചൊവ്വാഴ്ച പ്രവാചകന്‍ തന്റെ വിടവാങ്ങള്‍ പ്രസംഗം നടത്തിയ അറഫാത്ത് പര്‍വതത്തിന്റെ താഴ്‌വരയിലാണ് ഒത്തുകൂടുക.

ഏറ്റവും കഠിനമായ ചൂടാണ് ഈ വര്‍ഷത്തെ ഒരു വെല്ലുവിളി. ഏതാണ്ട് 45 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൂട്. തീര്‍ഥാടകര്‍ക്കായി കുടിവെള്ളവും ഭക്ഷണസാധനങ്ങള്‍ അടക്കം മുഴുവന്‍ സംവിധാനങ്ങളും ഹജ്ജ് മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. 32,000ലധികം ആരോഗ്യ പ്രവര്‍ത്തകരും ആയിരക്കണക്കിന് ആംബുലന്‍സുകളും സൂര്യാഘാതം നിര്‍ജ്ജലീകരണം, കുഴഞ്ഞുവീഴല്‍ എന്നിവ പരിചരിക്കുന്നതിനായി സജ്ജമാണെന്ന് സൗദി അധികൃതര്‍ അറിയിച്ചു.

ശാരീരികമായും വൈകാരികമായും വെല്ലുവിളി നിറഞ്ഞ അനുഭവത്തിലൂടെ കടന്നുപോകാനും പാപമുക്തി തേടാനും അവരുടെ മനസ്സിനെ ശുദ്ധീകരിക്കാനും അവരെ ദൈവത്തോട് അടുപ്പിക്കാനും ഉദ്ദേശിച്ചാണ് ഹജ്ജ് നിര്‍ബന്ധമാക്കിയത്. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിന് സാമ്പത്തികമായും ശാരീരകമായും കഴിവുള്ള എല്ലാ മുസ്ലിംകള്‍ക്കും നിര്‍ബന്ധമായ കാര്യമാണ്. ജൂണ്‍ 26നും ജൂലൈ 1 നും ഇടയിലാണ് ഹജ്ജിലെ പ്രധാന കര്‍മങ്ങള്‍ നടക്കുന്നത്, ജൂണ്‍ 28നാണ് സൗദിയില്‍ ബലി പെരുന്നാള്‍.

ചെലവേറിയ ചടങ്ങാണെങ്കിലും, യുദ്ധം, ദാരിദ്ര്യം, അധിനിവേശം എന്നിവയാല്‍ വലയം ചെയ്യപ്പെട്ട ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പോലും പുതിയ പ്രതീക്ഷകളുമായി ഹജ്ജിനെത്താറുണ്ട്.

Related Articles