Current Date

Search
Close this search box.
Search
Close this search box.

കല്ലേറ് പൂര്‍ത്തിയാക്കി ഹാജിമാര്‍; ബലിപെരുന്നള്‍ നിറവില്‍ ഗള്‍ഫ് രാജ്യങ്ങള്‍

മക്ക: പരിശുദ്ധ ഹജ്ജിന്റെ മൂന്നാം ദിനത്തില്‍ ഹാജിമാര്‍ക്ക് ഏറ്റവും തിരക്കേറിയ ദിനമായിരുന്നു ശനിയാഴ്ച. വെള്ളിയാഴ്ച അറഫ സംഗമത്തിന് ശേഷം ജംറയില്‍ കല്ലേറ് പൂര്‍ത്തിയാക്കി ഹാജിമാര്‍ മക്കയിലേക്ക് തിരിച്ചു. പിന്നീട് തല മുണ്ഡനം ചെയ്ത് സഫാ മര്‍വ മലകള്‍ക്കിടയില്‍ സഅ്‌യും പൂര്‍ത്തിയാക്കി കഅ്ബ ത്വവാഫും നടത്തി വീണ്ടും ഇന്ന് തന്നെ മിനയില്‍ തിരിച്ചെത്തണം. അതിനാല്‍ തന്നെ ഇന്നത്തെ ദിവസം ഓട്ടപ്പാച്ചിലിന്റെ തിരക്കാണ് ഹാജിമാര്‍ക്ക്. അതേസമയം, സൗദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷത്തിന്റെ നിറവിലാണ്.

ഒമാന്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. മിക്കയിടങ്ങളിലും ഈദ്ഗാഹുകളിലായിരുന്നു നമസ്‌കാരം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് എല്ലായിടത്തും നമസ്‌കാരം നടന്നത്. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും മാസ്‌കും നിര്‍ബന്ധമാണ്.

ഹാജിമാരുടെ ഇന്നത്തെ പ്രധാന ചടങ്ങ് ജംറയിലെ കല്ലേറ് കര്‍മമാണ്. മിനായില്‍ചെന്ന് ശേഖരിച്ച ചെറുകല്ലുകളുമായി ജംറയിലെ പ്രതീകാത്മക സ്തൂപത്തിനരികിലെത്തി ഹാജിമാര്‍ കല്ലേറ് കര്‍മം നിര്‍വഹിച്ചു. മനുഷ്യന്റെ ഉള്ളിലെ പൈശാചികതകളെ കല്ലെറിഞ്ഞോടിക്കുകയാണ് ഈ കര്‍മത്തിലൂടെ ഹാജിമാര്‍ പ്രതീകാത്മകമായി ചെയ്യുന്നത്.

ബലിപെരുന്നാള്‍ ദിനമായ ഇന്ന് ഹാജിമാര്‍ ബലികര്‍മങ്ങളും പൂര്‍ത്തിയാക്കും.
എല്ലാ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഹാജിമാര്‍ ഇന്ന് തന്നെ ഹജ്ജിന്റെ വസ്ത്രത്തില്‍ നിന്ന് ഒഴിവാകും. ഇതോടെ ഹജ്ജിന് അര്‍ധവിരാമമാകും. വരും ദിവസങ്ങളില്‍ കല്ലേറ് മാത്രമാണ് ബാക്കിയുണ്ടാവുക. അവസാനം വിടവാങ്ങല്‍ ത്വവാഫ് ചെയ്യുന്നതോടെ ഹജ്ജില്‍ നിന്നും പൂര്‍ണവിരാമമാകും.

Related Articles