Current Date

Search
Close this search box.
Search
Close this search box.

കോവിഡ് പരിശോധന വേണമെന്ന നിബന്ധന: പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടി

റിയാദ്: കോവിഡ് മൂലം പ്രതിസന്ധി അനുഭവിക്കുന്ന പ്രവാസികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന പ്രതിബന്ധങ്ങള്‍ അവസാനിക്കുന്നില്ല. ഏത് വിധേനയെങ്കിലും ഗള്‍ഫില്‍ നിന്നും രക്ഷപ്പെട്ട് നാടണയാന്‍ വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് ഭൂരിഭാഗം പ്രവാസികളും. എന്നാല്‍ ഇതിന് തടസ്സങ്ങളായി വിവിധ നിയമങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദിനേന പുറപ്പെടുവിക്കുന്നത്. ഇതില്‍ ഏറ്റവും ഒടുവിലായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ നിബന്ധനയാണ് സൗദിയില്‍ നിന്നും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ കോവിഡ് പരിശോധന നിര്‍ബന്ധമാണെന്നുള്ളത്. ഇത് പ്രകാരം ജൂണ്‍ 20 മുതല്‍ പരിശോധന ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാകും യാത്രാനുമതി ലഭിക്കുക.

പരിശോധന ഉറപ്പാക്കേണ്ടതും ടെസ്റ്റിനുള്ള ചെലവ് വഹിക്കേണ്ടതും വിമാനം ബുക്ക് ചെയ്യുന്നവരാണ്. ആര്‍.ടി.പി.സി.ആര്‍ ടെസ്‌റ്റോ ആന്റി ബോഡി ടെസ്‌റ്റോ ആണ് ഇത്തരത്തില്‍ പ്രവാസികള്‍ ചെയ്യേണ്ടത്. യാത്ര ചെയ്യുന്നതിന് 48 മണിക്കൂറിന് മുമ്പാണ് ടെസ്റ്റ് ചെയ്യേണ്ടത്. സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ഉത്തരവ് പ്രവാസികള്‍ക്ക് കനത്ത ഇരുട്ടടിയാണ് നല്‍കിയത്. പ്രവാസലോകത്ത് നിന്നും ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

ഇതോടെ പ്രായോഗിക ബുദ്ധിമുട്ടും സാമ്പത്തിക ചെലവുകളും കാരണം ചാര്‍ട്ടേഡ് വിമാന സര്‍വീസ് പദ്ധതിയില്‍ നിന്നും സന്നദ്ധ സംഘടനകള്‍ പന്മാറിയേക്കും. അതേസമയം, വന്ദേഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പുതിയ നിബന്ധന ബാധകമല്ല. വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്കില്ലാത്ത പുതിയ നിബന്ധന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നും വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ ആവശ്യപ്പെട്ടു.

Related Articles