Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെതിരെ പ്രതിഷേധിച്ച 28 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍

ഇസ്രായേലുമായി കരാര്‍ ബന്ധത്തിലേര്‍പ്പെട്ടതിനെതിരെ പ്രതിഷേധിച്ചതിന് 28 ജീവനക്കാരെ പിരിച്ചുവിട്ട് ടെക് ഭീമന്മാരായ ഗൂഗിള്‍. കമ്പനിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇവര്‍ 10 മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്തതിനാണ് 28 ജീവനക്കാരുടെ കരാറുകള്‍ ഗൂഗിള്‍ അവസാനിപ്പിച്ചത്. ഏപ്രില്‍ 16ന് കാലിഫോര്‍ണിയയിലെയും ന്യൂയോര്‍ക്ക് സിറ്റിയിലെയും ഗൂഗിള്‍ ഓഫീസുകളില്‍ നടന്ന പ്രതിഷേധത്തിനിടെ ഒമ്പത് ജീവനക്കാരെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഗൂഗിള്‍ ഇത്രയും പേര്‍ക്കെതിരെ നടപടിയെടുത്തത്. ‘ഒരു കമ്പനി എന്ന നിലയില്‍ ഞങ്ങള്‍ക്ക് ശ്രദ്ധ തിരിക്കാതിരിക്കാന്‍ ഇത് വളരെ പ്രധാനപ്പെട്ട നിമിഷമാണ്,” ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ പറഞ്ഞു.

2021 ഏപ്രിലില്‍ ഇസ്രായേല്‍, ഗൂഗിള്‍, ആമസോണ്‍ എന്നിവിടങ്ങളില്‍ ഒപ്പുവെച്ച 1.2 ബില്യണ്‍ ഡോളറിന്റെ ക്ലൗഡ് കരാറായ പ്രൊജക്റ്റ് നിംബസിനെതിരെയാണ് ‘നോ ടെക് ഫോര്‍ അപാര്‍ത്തീഡ്’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ജീവനക്കാരും പ്രതിഷേധത്തില്‍ പങ്കാളികളായത്. യു.എസ് ആസ്ഥാനമായുള്ള ആമസോണും ഗൂഗിളും ഇസ്രായേലിന്റെ ‘പ്രൊജക്റ്റ് നിംബസിനു’ വേണ്ടി സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇസ്രായേല്‍ സൈന്യത്തിനും സര്‍ക്കാരിനും ക്ലൗഡ് സര്‍വീസ് ഡാറ്റബേസ് നല്‍കുന്ന 1.2 ബില്യണ്‍ ഡോളറിന്റെ കരാര്‍ ആണ് ‘പ്രൊജക്റ്റ് നിംബസ്’.

ഫലസ്തീന്‍ മണ്ണില്‍ ഇസ്രായേലിന്റെ അനധികൃത കുടിയേറ്റങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഫലസ്തീനികളുടെ മേല്‍ കൂടുതല്‍ നിരീക്ഷണത്തിനും നിയമവിരുദ്ധമായ വിവരശേഖരണത്തിനുമുള്ള ഡ്രോണ്‍ ക്യാമറകള്‍ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവക്ക് വേണ്ടിയാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രയേലിന്റെ അധിനിവേശം തുടരാനും ഫലസ്തീന്‍ ജനതയെ വേര്‍തിരിക്കാനും ഈ പദ്ധതി സഹായിക്കുന്നുണ്ട്.

Related Articles