Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയെയും സിറിയയെയും നെഞ്ചോടുചേര്‍ത്ത് ലോകരാജ്യങ്ങള്‍; സഹായങ്ങളുടെ ഒഴുക്ക്

അങ്കാറ: 5000നടുത്ത് പേരുടെ ജീവന്‍ അപഹരിച്ച അതിഭീകര ഭൂചലനത്തിന്റെ ഞെട്ടലില്‍ നിന്നും തുര്‍ക്കിയും സിറിയയും ഇപ്പോഴും മോചിതരായിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെ ആരംഭിച്ച് വൈകീട്ടും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ട ഇരു രാജ്യങ്ങളും ഇപ്പോഴും ഭൂകമ്പത്തിന്റെ അപായസൂചനയിലാണ് മുന്നോട്ടുപോകുന്നത്.

തുര്‍ക്കിയില്‍ മാത്രം 2921 പേരും സിറിയയില്‍ 1444 പേരുമാണ് ഇതുവരെയായി കൊല്ലപ്പെട്ടതായുള്ള ഔദ്യോഗിക കണക്കുകള്‍. പതിനായിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ആയിരക്കണക്കിന് ബഹുനില കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. സര്‍വതും നഷ്ടപ്പെട്ട തുര്‍ക്കി, സിറിയന്‍ ജനത സഹായത്തിനായി ലോകത്തിന് മുന്‍പില്‍ കൈനീട്ടുകയാണ്. തകര്‍ന്ന റോഡുകളും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്.

തുര്‍ക്കിയെയും സിറിയയെയും നെഞ്ചോടു ചേര്‍ത്ത് ലോകരാജ്യങ്ങളെല്ലാം രംഗത്തെത്തി. അമേരിക്കയും യൂറോപ്യന്‍ യൂണിയനുമടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം തന്നെ സന്നദ്ധസേനയെയും സൈനിക സഹായവുമായി തുര്‍ക്കിയിലെത്തിയിരുന്നു. പിന്നാലെ സഹായവുമായി വിവിധ രാജ്യങ്ങളും രംഗത്തുവന്നു. യൂറോപ്യന്‍ യൂണിയന്‍, നാറ്റോ, ഡബ്ല്യു.എച്ച്.ഒ, അസര്‍ബൈജാന്‍, യു.എ.ഇ, ബ്രിട്ടന്‍, ഇറാന്‍, തായ്‌വാന്‍, ഇസ്രായേല്‍, ഇന്ത്യ, റഷ്യ, ഖത്തര്‍, ഉക്രെയ്ന്‍, ചൈന,ദക്ഷിണ കൊറിയ, പാകിസ്താന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ദുരിതബാധിത രാജ്യങ്ങള്‍ക്ക് അടിയന്തര സഹായം എത്തിച്ചുതുടങ്ങി.

തുര്‍ക്കിയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും ദുരിതാശ്വാസ സാധന-സാമഗ്രികളും എത്തിത്തുടങ്ങി. സഹായവുമായുള്ള അടിയന്തിര വിമാനങ്ങള്‍ തുര്‍ക്കിയില്‍ ഇറങ്ങുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക്‌യോള്‍ എന്നിവരും ഇരു രാജ്യങ്ങളിലേക്കും അടിന്തര രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനും ഉത്തരവിട്ടു. നേതാക്കള്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനെയും സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനും അനുശോചന സന്ദേശങ്ങള്‍ അയച്ചു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും അടിയന്തര സഹായത്തിന് ഉത്തരവിട്ടു. 50 അംഗ രക്ഷാസംഘവും 25 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനം തുര്‍ക്കിയിലെത്തി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി 40 മില്യണ്‍ യുവാന്‍ (5.9 മില്യണ്‍ ഡോളര്‍) ആദ്യ ഗഡുവായി നല്‍കുമെന്ന് ചൈന അറിയിച്ചു. ചൈനയുടെ റെഡ് ക്രോസ് തുര്‍ക്കിക്കും സിറിയയ്ക്കും 200,000 ഡോളര്‍ വീതം അടിയന്തര സഹായം നല്‍കും.

Related Articles