Current Date

Search
Close this search box.
Search
Close this search box.

ലോകത്തിന്റെ ഹൃദയത്തില്‍ തറച്ച മോര്‍ഗന്റെയും ഗനീമിന്റെയും സംഭാഷണം

ദോഹ: ലോകകപ്പ് ഫുട്‌ബോളിന് ഞായറാഴ്ച രാത്രി ഖത്തറില്‍ സമാരംഭം കുറിച്ചപ്പോള്‍ കളിയുടെ കൂടെ തന്നെ ലോകം ചര്‍ച്ച ചെയ്ത മറ്റൊന്നായിരുന്നു ഉദ്ഘാടന ചടങ്ങില്‍ ഏവരുടെയും മനം കവര്‍ന്ന വിഖ്യാത യു.എസ് നടനും ഓസ്‌കാര്‍ ജേതാവുമായ മോര്‍ഗന്‍ ഫ്രീമാനും ഖത്തരി ബാലന്‍ ഗനീം അല്‍ മുഫ്തഹും തമ്മില്‍ നടന്ന സംഭാഷണം. ആറടി രണ്ടിഞ്ച് മാത്രം ഉയരമുള്ള ഗനീമിന്റെ മനോഹരമായ ഖുര്‍ആന്‍ പാരായണവും അതിന്റെ വിശദീകരണവും ഗനീമിന്റെ കൂടെ തറയില്‍ ഇരുന്ന് പരസ്പരം സംഭാഷണത്തിലേര്‍പ്പെട്ട ഫ്രീമാനുമാണ് ലോകത്തിന്റെ ഹൃദയത്തില്‍ ഇടം നേടിയത്. ആ സംഭാഷണം ലോകം ഏറ്റെടുക്കുകയും അതിലെ രംഗങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

ഉദ്ഘാടന ചടങ്ങിനിടെ സ്റ്റേജിലുണ്ടായ ഗനീം അല്‍ മുഫ്തഹ് ഹൃദ്യമായി മോര്‍ഗനെ വേദിയിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് ഗനീമിന്റെ അടുത്തെത്തിയ ഫ്രീമാന്‍ സാവധാനം നിലത്തിരുന്നു. തുടര്‍ന്ന് ഫ്രീമാന്‍ ഗനീമിനോടായി ചോദിച്ചു: ‘ഒരു വഴി മാത്രം അംഗീകരിച്ചാല്‍ എങ്ങനെയാണ് ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഒന്നിക്കുന്നത്’? ഇതിന് ഗനീം മറുപടി പറഞ്ഞത് വിശുദ്ധ ഖുര്‍ആനിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു.

يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍۢ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًۭا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌۭ ‘ഹേ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റവും ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (Sura 49 : Aya 13)

‘നമ്മള്‍ ഈ ഭൂമിയില്‍ രാഷ്ട്രങ്ങളായും ഗോത്രങ്ങളായും ചിതറിക്കിടക്കുകയാണ്. അതുകൊണ്ട് നമുക്ക് പരസ്പരം പഠിക്കാനും വൈവിധ്യങ്ങളുടെ സൗന്ദര്യം കണ്ടെത്താനും കഴിയും’- ഗനീം തുടര്‍ന്നു.

‘അതെ.. എനിക്കത് ഇവിടെ കാണാന്‍ കഴിയുന്നുണ്ട്. ഈ നിമിഷത്തില്‍ നമ്മെ ഇവിടെ ഒന്നിപ്പിക്കുന്നത് നമ്മെ ഭിന്നിപ്പിക്കുന്നതിനേക്കാള്‍ വളരെ വലുതാണ്. ഇന്നത്തേതിലും കൂടുതല്‍ കാലം നമുക്കത് എങ്ങനെയാണ് നിലനിറുത്താന്‍ കഴിയുക ? മോര്‍ഗന്‍ ചോദിച്ചു.

‘സഹിഷ്ണുതയോടും ബഹുമാനത്തോടും കൂടി നമുക്ക് കഴിയാം. നമ്മള്‍ ഒരു വലിയ വീടിനുള്ളിലാണുള്ളത്. ആ വീടെന്നാല്‍ അതെവിടെ നിര്‍മ്മിക്കുന്നോ അതാണ് ഞങ്ങളുടെ വീട്. അവിടെ നമുക്കൊന്നിച്ചു ജീവിക്കാം. നിങ്ങളെ ഇവിടേക്ക് വിളിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നത് ഞങ്ങളുടെ വീട്ടിലേക്കാണ്. ഗനീം പറഞ്ഞു.

‘അതായത് നമ്മള്‍ ഒരു വലിയ ഗോത്രമായാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. നമ്മള്‍ എല്ലാവരും താമസിക്കുന്ന കൂടാരമാണ് ഈ ഭൂമി’ ഫ്രീമാന്‍ ചോദിച്ചു. ‘അതെ, നമുക്കൊരുമിച്ച് നിന്ന് ഈ ലോകം മുഴുവന്‍ ഒന്നായി ചേരാന്‍ ആഹ്വാനം ചെയ്യാം.’ഗനീം പറഞ്ഞവസാനിപ്പിച്ചു.

തുടര്‍ന്ന് ഫ്രീമാന്‍ എഴുന്നേറ്റ് നിന്ന് ഗനീമിനു നേരെ തന്റെ കൈകള്‍ നീട്ടി. ഗനീം മോര്‍ഗന് നേരെയും തന്റെ കൈകള്‍ നീട്ടി. തുടര്‍ന്ന് പശ്ചാതല സംഗീതത്തോടെ ഉദ്ഘാടന വേദി അടുത്ത ചടങ്ങുകളിലേക്ക് കടന്നു.

ഖത്തറിലെ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് 20കാരനായ ഗനീം. യുട്യൂബില്‍ 816,000 സബ്സ്‌ക്രൈബര്‍മാരും ഇന്‍സ്റ്റാഗ്രാമില്‍ ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഈ യുവാവിന് ജനിക്കുമ്പോള്‍ തന്നെ ശരീരത്തിന്റെ അരക്ക് താഴെ വളര്‍ച്ച ഇല്ലായിരുന്നു.

എന്നാല്‍ ഇതില്‍ തളരാതെ സധൈര്യം മുന്നേറിയ ഗനീം ഫുട്‌ബോള്‍, സ്‌കേറ്റിംഗ്, ജൂഡോ, സ്‌കൂബ ഡൈവിംഗ്, ഐസ് ഹോക്കി, പര്‍വതാരോഹണം എന്നിവയില്‍ പരിശീനവും വൈദഗ്ധ്യവും നേടിയെടുത്തു. ഗാരിസ്സ ഐസ്‌ക്രീം എന്ന കമ്പനിയുടെ സ്ഥാപകന്‍ കൂടിയാണ് ഈ യുവാവ്. വിഖ്യാത ഹോളിവുഡ് നടനും ഗനഗാംഭീര്യ ശബ്ദത്തിന്റെ ഉടമയുമായ 85കാരനായ മോര്‍ഗന്‍ സംവിധായകനും ആങ്കറുമാണ്. വിവിധ വേദികളില്‍ അദ്ദേഹം അവതാരകനായി പ്രത്യക്ഷപ്പെടാറുണ്ട്.

Related Articles