Current Date

Search
Close this search box.
Search
Close this search box.

സ്‌കൂളുകളില്‍ അബായ നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്

പാരിസ്: മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന അബായ വസ്ത്രം സ്‌കൂളുകളില്‍ നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്. പര്‍ദ്ദ പോലെ അയഞ്ഞ ഫിറ്റിങ് ഉള്ള വസ്ത്രമാണ് അബായ എന്നറിയപ്പെടുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചില പെണ്‍കുട്ടികള്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിച്ച് വരാറുണ്ടായിരുന്നു. ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേല്‍ അത്താലാണ് ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്.

‘നിങ്ങള്‍ ഒരു ക്ലാസ് മുറിയില്‍ പ്രവേശിക്കുമ്പോള്‍, അവിടുത്തെ വിദ്യാര്‍ത്ഥികളെ വസ്ത്രധാരണം നോക്കി അവരുടെ മതം തിരിച്ചറിയാന്‍ കഴിയരുത്. മതേതരത്വം എന്നാല്‍, സ്‌കൂളുകളെ സ്വയം മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ്. അബായ എന്നാല്‍ മതചിഹ്നത്തില്‍പ്പെട്ടതാണ്. ‘സ്‌കൂള്‍ രൂപീകരിക്കേണ്ട മതേതര സങ്കേതത്തിനെതിരാണ് അതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിലെ ഭരണകൂടം പത്തൊന്‍പതാം നൂറ്റാണ്ട് മതല്‍ പൊതുവിദ്യാഭ്യാസത്തില്‍ നിന്ന് പരമ്പരാഗത കത്തോലിക്കാ സ്വാധീനം നീക്കം ചെയ്തതുമുതല്‍, സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതപരമായ അടയാളങ്ങള്‍ക്ക് കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വളര്‍ന്നുവരുന്ന മുസ്ലീം ന്യൂനപക്ഷത്തെ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കാന്‍ ഭരണകൂടം എപ്പോഴും പാടുപെട്ടിരുന്നു.

2004ല്‍, സ്‌കൂളുകളില്‍ ‘വിദ്യാര്‍ത്ഥികള്‍ മതപരമായ ബന്ധം പ്രകടിപ്പിക്കുന്ന അടയാളങ്ങളോ വസ്ത്രങ്ങളോ ധരിക്കുന്നത്’ ഫ്രാന്‍സ് നിരോധിച്ചിരുന്നു. ഈ നിരോധനത്തില്‍ ക്രൈസ്തവരുടെ വലിയ കുരിശുകളും യഹൂദരുടെ കിപ്പകളും മുസ്ലിംകളുടെ ശിരോവസ്ത്രങ്ങളും ഉള്‍പ്പെടുന്നു.

2010ല്‍, പൊതുസ്ഥലത്ത് മുഖം  മറക്കുന്ന നിഖാബ് നിരോധനം ഫ്രാന്‍സില്‍ നടപ്പിലാക്കി. ഇത് രാജ്യത്തെ അഞ്ച് ദശലക്ഷത്തോളം വരുന്ന മുസ്ലീം സമുദായത്തിനകത്ത് വലിയ രീതിയിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെതിരെ ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് മുസ്ലിം ഫെയ്ത്ത് (സിഎഫ്സിഎം), അടക്കം നിരവധി മുസ്ലീം സംഘടനകള്‍ പ്രതിഷേധം അറിയിച്ചിരുന്നു.

Related Articles