Current Date

Search
Close this search box.
Search
Close this search box.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ്; കുടിയേറ്റവുമായി ബന്ധപ്പെടുത്തി ഫിഫ പ്രസിഡന്റ്

ലണ്ടന്‍: രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് പുറത്തുവന്നത്. നിര്‍ദേശത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തുവന്നത്. ഇപ്പോഴിതാ ഫിഫ പ്രസിഡന്റ് ജിയന്നി ഇന്‍ഫാന്റിനോ തന്നെ രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടത്തുന്നത്‌കൊണ്ടുള്ള ഗുണം പറഞ്ഞ് രംഗത്തെത്തിയത്. ഇങ്ങനെ ലോകകപ്പ് നടത്തിയാല്‍ അഭയാര്‍ത്ഥി മരണങ്ങള്‍ ഒഴിവാക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. മെഡിറ്ററേനിയന്‍ കടലില്‍ വെച്ച് അഭയാര്‍ത്ഥികള്‍ മുങ്ങിമരിക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാല്‍ ലോകകപ്പിനെ അഭയാര്‍ത്ഥി ദുരന്തവുമായി കൂട്ടിക്കെട്ടിയത് പുതിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.

ബുധനാഴ്ച യൂറോപ്യന്‍ നിയമസഭസാമാജികരോട് സംസാരിക്കവേയാണ് ഇന്‍ഫാന്റിനോ ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. ഫുട്‌ബോളില്‍ ‘എല്ലാം ഉള്ള’ ചിലര്‍ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ എല്ലാവരെയും ഉള്‍കൊള്ളുന്നതും കൂടുതല്‍ ആഗോളവുമായിരിക്കണം. യൂറോപ്പില്‍ ആഴ്ചയില്‍ രണ്ടുതവണ ലോകകപ്പ് നടക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം മികച്ച കളിക്കാരാണ് യൂറോപ്പില്‍ കളിക്കുന്നത്. എന്നാല്‍ നമ്മള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ അവിടെയൊന്നും മികച്ച കളിക്കാരെ കാണാന്‍ സാധിക്കില്ല. അവര്‍ ഉന്നതതല മത്സരങ്ങളില്‍ പങ്കെടുക്കുന്നില്ല. അപ്പോള്‍ കായികവിനോദത്തിനപ്പുറം ഫുട്‌ബോള്‍ എന്താണ് കൊണ്ടുവരുന്നതെന്ന് നാം ചിന്തിക്കണം-ഇന്‍ഫാന്റിനോ പറഞ്ഞു.

നമ്മള്‍ അവരെയും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ‘ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള വഴികള്‍ നാം കണ്ടെത്തേണ്ടതുണ്ട്, മെച്ചപ്പെട്ട ജീവീതം കണ്ടെത്തുന്നതിന് മരണം വരെ സംഭവിക്കുന്ന മെഡിറ്ററേനിയന്‍ കടല്‍ കടക്കേണ്ട ആവശ്യമില്ലാത്തവിധം ആഫ്രിക്കക്കാര്‍ക്ക് നാം പ്രതീക്ഷ നല്‍കേണ്ടതുണ്ട്.’ നാം അവര്‍ക്കും അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്. ദാനധര്‍മ്മം ചെയ്തുകൊണ്ടല്ല, മറിച്ച് ലോകത്തെ മറ്റ് ആളുകളെയും പങ്കെടുക്കാന്‍ അനുവദിച്ചുകൊണ്ട് നാം അവര്‍ക്ക് അന്തസ്സ് നല്‍കേണ്ടതുണ്ട്.

അതേസമയം, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം തന്റെ പരാമര്‍ശങ്ങള്‍ ‘തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പിന്നീട് പ്രതികരിച്ചത്.

Related Articles