Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്റെ നേര്‍സാക്ഷ്യമായിരുന്ന ‘ഐ ഓണ്‍ ഫലസ്തീനെ’ സസ്‌പെന്‍ഡ് ചെയ്ത് ഇന്‍സ്റ്റഗ്രാം

വാഷിങ്ടണ്‍: ഫലസ്തീനില്‍ ഇസ്രായേല്‍ ദിനംപ്രതി നടത്തുന്ന അതിക്രമങ്ങളും ക്രൂരതളുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളിലൂടെ തുറന്നുകാട്ടിയ ‘ഐ ഓണ്‍ ഫലസ്തീന്‍’ എന്ന അക്കൗണ്ട് ഇന്‍സ്റ്റഗ്രാം താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. തങ്ങളുടെ നിയമാവലികള്‍ പൂര്‍ണമായും പാലിക്കുന്നില്ലെന്ന് കാണിച്ചാണ് ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. പ്രതിഷേധത്തിനു പിന്നാലെ ബുധനാഴ്ച വൈകീട്ട് അക്കൗണ്ട് പുനസ്ഥാപിച്ചു.

മൂന്ന് ദശലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണ് അപകടകരമായ വ്യക്തികളെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നുവെന്ന് ഇന്‍സ്റ്റഗ്രാമിന്റെ ഉടമസ്ഥരായ മെറ്റ അവകാശപ്പെട്ടത്.

‘2022 ഒക്ടോബര്‍ 19-ന് ഞങ്ങള്‍ നിങ്ങളുടെ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഈ തീരുമാനത്തോട് വിയോജിക്കാന്‍ 30 ദിവസത്തെ സമയമുണ്ട്. നിങ്ങളുടെ അക്കൗണ്ടോ അതിലെ പ്രവര്‍ത്തനമോ അപകടകരമായ വ്യക്തികളെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള ഞങ്ങളുടെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല,’ എന്ന് അറിയിച്ച മെറ്റയുടെ സന്ദേശം ബാക്ക്-അപ്പ് അക്കൗണ്ട് വഴി പങ്കിട്ട ഐ ഓണ്‍ ഫലസ്തീന്‍ പങ്കുവെക്കുകയായിരുന്നു. പേജ് മണിക്കൂറുകളോളം ഉപയോക്താക്കള്‍ക്ക് ദൃശ്യമായിരുന്നില്ല.

കഴിഞ്ഞ വര്‍ഷം മേയില്‍ ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെതുടര്‍ന്ന് ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും നയങ്ങള്‍ ഫലസ്തീനികളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്ന് മെറ്റയുടെ ആന്തരിക റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഹ്രസ്വമായ നിരോധനം വന്നത്.

Related Articles