Current Date

Search
Close this search box.
Search
Close this search box.

മുന്നാക്ക സംവരണം: കോടതി വിധിക്കെതിരെ എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍

ന്യൂഡല്‍ഹി: മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സംവരണം ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ എതിര്‍പ്പ് അറിയിച്ച് വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബേല ത്രിവേദി, ജെ.ബി പര്‍ദിവാല എന്നിവരങ്ങിയ വിശാല ബെഞ്ചാണ് മുന്നാക്ക സംവരണം ഭരണഘടനപരമെന്ന് വിധിച്ചത്. അതേസമയം, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവര്‍ മുന്നാക്ക സംവരണം ഭരണഘടനവിരുദ്ധമാണെന്നുമാണ് വിധിച്ചത്. വിധിയില്‍ എതിര്‍പ്പുമായി മുസ്ലിം ലീഗ്, സമസ്ത, ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ സംഘടനകള്‍ രംഗത്തെത്തി.

കോടതി വിധി ആശങ്കയുളവാക്കുന്നതാണെന്നും സാമ്പത്തിക സംവരണം പിന്നാക്കം നില്‍ക്കുന്നവരുടെ അവസരം കുറയാന്‍ കാരണമാകുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കണം, എന്നാല്‍ സംവരണത്തിലേക്ക് കൊണ്ടുവരുമ്പോള്‍ അത് സാമൂഹ്യ നീതിയെ ബാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധന ഹരജി നല്‍കുമെന്ന് സമസ്ത അറിയിച്ചു. സമാനചിന്താഗതിക്കാരെ കൂട്ടിയാകും ഹരജി സമര്‍പ്പിക്കുകയെന്നും സമസ്തയുടെ അഭിഭാഷകന്‍ പറഞ്ഞു.

സവര്‍ണ്ണ സംവരണം ശരിവെച്ച ഭൂരിപക്ഷ സുപ്രിം കോടതി വിധി ഭരണഘടനാ തത്വങ്ങള്‍ക്കെതിരാണെന്നും വിശാല ബഞ്ചിലേക്ക് വിടണമെന്നും
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. മുന്നാക്ക സംവരണം എന്ന പേരില്‍ നടപ്പാക്കിയ സവര്‍ണ്ണ സംവരണം ശരിവെച്ച സുപ്രിം കോടതി ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധി ഭരണഘടന മുന്നോട്ട് വെച്ച സാമൂഹ്യ നീതി തത്വങ്ങള്‍ക്കെതിരാണ്. അഞ്ചംഗ ബെഞ്ചില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കം രണ്ട് പേര്‍ എതിര്‍ വിധി പറഞ്ഞതിനാല്‍ വിശാല ബെഞ്ചിലേക്ക് വിടണം. ചരിത്രപരമായ കാരണങ്ങളാല്‍ അധികാരത്തില്‍ നിന്ന് പുറംതള്ളപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതിനിധ്യത്തിന് വേണ്ടിയുള്ള ഭരണഘടനാ ടൂളായ സംവരണം ഇതോടെ സമ്പൂര്‍ണ്ണമായി അട്ടിമറിക്കപ്പെടുകയാണ്. സംവരണവുമായി ബന്ധപ്പെട്ട് ഭരണഘടനയെ മുന്‍നിര്‍ത്തി മുന്‍കാലങ്ങളില്‍ സുപ്രീംകോടതി തന്നെ പുറപ്പെടുവിച്ചിട്ടുള്ള വിധികളെ വെല്ലു വിളിക്കുന്നതാണ് പുതിയ സവര്‍ണ സംവരണ വിധിയെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടമല്ല, ഭരണഘടനയാകണം വിധികള്‍ക്കാധാരമെന്നും സംവരണ തത്വങ്ങളെ അട്ടിമറിക്കുന്ന വിധിയാണിതെന്നും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.

Related Articles