Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്കുമേലുള്ള ഇസ്രായേല്‍ നരഹത്യ കേസില്‍ വിധി പറഞ്ഞ് അന്താരാഷ്ട്ര നീതിന്യായ കോടതി

തെല്‍ അവീവ്: ഗസ്സക്കു മേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ നരഹത്യ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിക്കു (ഐസിജെ) മുന്‍പാകെ നല്‍കിയ ഹരജിയില്‍ ഹേഗ് ആസ്ഥാനമായുള്ള കോടതി ഇന്ന് വിധി പറയുന്നു.

വംശഹത്യ തടയാന്‍ ഇസ്രയേലിന്റെ അധികാര പരിധിയിലുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടു. തങ്ങളുടെ സൈന്യം വംശഹത്യ നടത്തുന്നില്ലെന്ന് ഇസ്രായേല്‍ ഉറപ്പാക്കണമെന്നും ആരോപിക്കപ്പെടുന്ന വംശഹത്യയുടെ തെളിവുകള്‍ സംരക്ഷിക്കുന്നത് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഇസ്രയേലിനോട് ഐസിജെ ഉത്തരവിട്ടു. വിധി ഇസ്രായേലിന് അന്താരാഷ്ട്ര നിയമപരമായ ബാധ്യതകള്‍ സൃഷ്ടിക്കുന്നുവെന്നും ഐ.സി.ജെ അധ്യക്ഷന്‍ ജോണ്‍ ഡോനോഗ പറഞ്ഞു.

ഗസ്സ മുനമ്പിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ദക്ഷിണാഫ്രിക്ക ഐ.സി.ജെക്ക് മുന്നില്‍ കേസ് നല്‍കിയത്. ഇസ്രയേലിനെതിരായ ചില ആരോപണങ്ങള്‍ വംശഹത്യ കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ക്കുള്ളില്‍ വരുന്നതാണെന്നും വംശഹത്യയില്‍ നിന്ന് സംരക്ഷിക്കപ്പെടാനുള്ള ഫലസ്തീനികളുടെ അവകാശം കോടതി അംഗീകരിക്കുന്നുവെന്ന് കേസ് പരിഗണിക്കവെ ജോണ്‍ ഡോനോഗ പറഞ്ഞു.

ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിയെന്ന് ആരോപിക്കുന്ന കേസ് കോടതി തള്ളിക്കളയില്ലെന്ന് കേസിലെ അടിയന്തര നടപടികള്‍ തീര്‍പ്പാക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ 17 അംഗ പാനലില്‍ 16 ജഡ്ജിമാരാണ് സെഷനില്‍ പങ്കെ
ടുക്കുന്നത്. ഐസിജെ കോടതിക്ക് പുറത്ത് ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ ഒത്തുകൂടിയിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് ഹേഗില്‍ നടന്ന പ്രാഥമിക വാദം കേള്‍ക്കുന്നതിന് മുമ്പ് നിരവധി രാജ്യങ്ങളും സംഘടനകളും ദക്ഷിണാഫ്രിക്കയുടെ കേസിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ബ്രസീല്‍, മലേഷ്യ, തുര്‍ക്കി, ജോര്‍ദാന്‍, ബൊളീവിയ, മാലിദ്വീപ്, നമീബിയ, പാകിസ്ഥാന്‍, കൊളംബിയ എന്നിവയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ അംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

 


ഗസ്സയിലെ ഇന്നത്തെ പ്രധാന അപ്‌ഡേറ്റുകള്‍:

  • ഗസ്സ മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള നഗരത്തില്‍ അവശേഷിക്കുന്ന രണ്ട് ആശുപത്രികള്‍ ഇസ്രായേല്‍ സൈന്യം വളയുകയും ഖാന്‍ യൂനിസിന് നേരെ മാരകമായ ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നത് തുടരുകയാണ്.
  • ഗസ്സയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 183 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 377 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
  • ഖത്തര്‍, ഇസ്രായേല്‍, യുഎസ്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ യൂറോപ്പില്‍ വെടനിര്‍ത്തലുമായി ബന്ധപ്പെട്ട ‘നിര്‍ണ്ണായക’ യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്.
  • യു.എസിന്റെ ആവശ്യങ്ങളെ ധിക്കരിച്ച് ‘ബഫര്‍ സോണ്‍’ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇസ്രായേല്‍ സൈന്യം ഗസ്സയുമായുള്ള വേലിക്ക് സമീപമുള്ള നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ത്തു.

Related Articles