Current Date

Search
Close this search box.
Search
Close this search box.

വിദേശികളെ ആകര്‍ഷിക്കാന്‍ മദ്യത്തിന് നികുതി കുറച്ച് ദുബൈ

അബൂദബി: വിദേശികളെയും ടൂറിസ്റ്റുകളെയും കൂടുതല്‍ ആകര്‍ഷിക്കാന്‍ മദ്യത്തിന് നികുതി കുറിച്ച് ദുബൈ ഭരണകൂടം. മദ്യത്തിന് 30 ശതമാനം നികുതി കുറക്കുകയും വാണിജ്യ, ടൂറിസം കേന്ദ്രങ്ങളില്‍ മദ്യം വാങ്ങുന്നതിന് മുമ്പ് ആവശ്യമായ ലൈസന്‍സ് ഫീ നിബന്ധന ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. മദ്യം വിതരണം ചെയ്യുന്ന രണ്ട് പ്രമുഖ റീട്ടെയിലര്‍മാര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഭാഗമായ ദുബൈയില്‍ മറ്റ് ഗള്‍ഫ് നഗരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഉദാരനയങ്ങളും ലിബറല്‍ ജീവിതശൈലികളുമാണ് തുടര്‍ന്നുപോരുന്നത്. ഇതിലൂടെ വിദേശ വിനോദസഞ്ചാരികളെയും കൂടുതല്‍ പ്രവാസികളെയും ആകര്‍ഷിക്കുകയാണ് ദുബൈയുടെ ലക്ഷ്യം. മാറ്റങ്ങള്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു, ഇത് ഒരു വര്‍ഷത്തെ ട്രയല്‍ കാലയളവിലേക്ക് പ്രവര്‍ത്തിക്കുമെന്ന് ആഭ്യന്തര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

‘30% മുനിസിപ്പാലിറ്റി നികുതിയും സൗജന്യ ആല്‍ക്കഹോള്‍ ലൈസന്‍സും എടുത്തുകളഞ്ഞതോടെ, നിങ്ങളുടെ പ്രിയപ്പെട്ട പാനീയങ്ങള്‍ വാങ്ങുന്നത് ഇപ്പോള്‍ എന്നത്തേക്കാളും വിലക്കുറവിലും എളുപ്പത്തിലും ലഭ്യമാണ്.’ ദുബായിലെ രണ്ട് പ്രധാന മദ്യം വിതരണം ചെയ്യുന്നവരില്‍ ഒരു റീട്ടെയിലറായ എം.എം.ഐ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിച്ചു. എമിറേറ്റിലുടനീളമുള്ള അതിന്റെ സ്റ്റോറുകളിലെ വിലകള്‍ ഇപ്പോള്‍ നികുതി നീക്കം ചെയ്യുന്നതിനെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ വാര്‍ത്തയോട് ദുബായ് മീഡിയ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

2022ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 4.6 ശതമാനം വളര്‍ച്ചയോടെ, ദുബായുടെ സമ്പദ്വ്യവസ്ഥ കോവിഡ് തകര്‍ച്ചയില്‍ നിന്നും അതിവേഗം വീണ്ടെടുത്തിരുന്നു. ദുബായുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് ടൂറിസം, 2021 ലെ സമാന കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 ന്റെ ആദ്യ പകുതിയില്‍ 180 ശതമാനത്തിലധികം വളര്‍ച്ച നേടിയിട്ടുണ്ട് ഈ മേഖല. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ നികുതി ചുമത്താന്‍ പല ഗള്‍ഫ് രാജ്യങ്ങളും വാറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Related Articles