Current Date

Search
Close this search box.
Search
Close this search box.

പ്രമുഖ സിറിയന്‍ പണ്ഡിതന്‍ മുഹമ്മദ് അലി അസ്സാബൂനി വിടവാങ്ങി

അങ്കാറ: മുന്‍ സിറിയന്‍ പണ്ഡിത വേദി തലവനും ഖുര്‍ആന്‍-ഹദീസ് വ്യാഖ്യാതാവുമായ ഡോ. മുഹമ്മദ് അലി അസ്സാബൂനി അന്തരിച്ചു. വെള്ളിയാഴ്ച തുര്‍ക്കിയിലെ യാലൂഹ് നഗരത്തിലായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു. ആധുനിക സിറിയന്‍ പണ്ഡിതന്മാരില്‍ പ്രമുഖനും അറബ് ലോകത്തെ ഖുര്‍ആന്‍ വ്യാഖ്യാതക്കളില്‍ ഉന്നതനുമായിരുന്നു ശൈഖ് അസ്സാബൂനി. അദ്ദേഹം അസദ് ഭരണകൂടത്തെ വിമര്‍ശിക്കുകയും സിറിയന്‍ വിപ്ലവത്തിന് പിന്തുണയറിക്കുകയും ചെയ്തിട്ടുണ്ട്. സിറിയന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലില്‍ ഒരുപാട് പണ്ഡിതര്‍ നിശ്ശബ്ദരായിരുന്നപ്പോള്‍ സിറിയന്‍ ജനതക്ക് വേണ്ടി ശൈഖ് സാബൂനിയും പണ്ഡിതവേദിയിലെ അംഗങ്ങളും നിലകൊണ്ടു.

1930ല്‍ സിറിയയിലെ അലപ്പോ നഗരത്തിലാണ് ശൈഖ് സാബൂനി ജനിച്ചത്. സിറിയന്‍ വഖ്ഫ് മന്ത്രാലം അസ്ഹര്‍ സര്‍വകലാശാലയിലേക്ക് ഉന്നത പഠന പൂര്‍ത്തീകരണത്തിനായി അയക്കുകയും, ഇസ്‌ലാമിക നിയമത്തില്‍ സര്‍ട്ടിഫക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. ശേഷം വിശുദ്ധ മക്കയിലെ കിങ് അബ്ദുല്‍ അസീസ് സര്‍വകലാശാലയില്‍ കൊളേജ് ഓഫ് ശരീഅയിലും കൊളേജ് ഓഫ് എഡ്യൂകേഷനിലും പഠിപ്പിക്കാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ടു. ആ സമയത്ത് സൗദിയിലേക്കുള്ള സിറിയന്‍ ദൗത്യത്തിന്റെ തലവനായിരുന്നു അദ്ദേഹം. 28 വര്‍ഷത്തോളം അവിടെ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഈയൊരു കാലയളവിലാണ് അദ്ദേഹം പി.എച്ച്.ഡി കരസ്ഥാമാക്കുന്നത്.

ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നല്‍കിയ സേവനങ്ങളെ മുന്‍നിര്‍ത്തി 2007ല്‍ ദുബൈ അന്താരാഷ്ട വിശുദ്ധ ഖുര്‍ആന്‍ ഓര്‍ഗനൈസിങ് സമിതി അദ്ദേഹത്തെ പ്രമുഖ ഇസ്‌ലാമിക വ്യക്തിത്വമായി തെരഞ്ഞെടുത്തു. ഒരുപാട് പുസ്തകങ്ങളും രചനകളും പ്രത്യേകിച്ച് വിശുദ്ധ ഖുര്‍ആന് വ്യാഖ്യാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. മുഖ്തസര്‍ തഫ്‌സീര്‍ ഇബ്‌നി കസീര്‍, മുഖ്തസര്‍ തഫ്‌സീര്‍ അത്വബ്‌രി, അത്വിബ്‌യാന്‍ ഫി ഉലൂമില്‍ ഖുര്‍ആന്‍, റവാഇഉല്‍ ബയാന്‍ ഫി തഫ്‌സീര്‍ ആയാത്തില്‍ അഹ്കാം, ഖബ്‌സ് മിന്‍ നൂറില്‍ ഖുര്‍ആന്‍, സഫ്‌വത് അത്തഫ്‌സീര്‍ തുടങ്ങിയവ ഖുര്‍ആന്‍ ശാസ്ത്രത്തിലും വ്യാഖ്യാനത്തിലിമുള്ള അദ്ദേഹത്തെ പ്രസിദ്ധ രചനകളാണ്.

Related Articles