Current Date

Search
Close this search box.
Search
Close this search box.

ആര്‍.എസ്.എസുമായുള്ള ചര്‍ച്ച: വാര്‍ത്ത ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ആര്‍.എസ്.എസും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നുവെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ടി. ആരിഫലി. ആര്‍.എസ്.എസ് പ്രതിനിധികളും രാജ്യത്തെ പ്രമുഖ മുസ്ലിം സംഘടന പ്രതിനിധികളും ബുദ്ധിജീവികളും തമ്മില്‍ ചര്‍ച്ച നടന്നു എന്നത് ശരിയാണ്. ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി, ദാറുല്‍ ഉലൂം ദയൂബന്ദ്, അജ്മീര്‍ ദര്‍ഗ, ചില ശിഈ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ജനുവരി 14ന് നടന്ന ചര്‍ച്ചയുടെ വാര്‍ത്തയും തല്‍സംബന്ധമായ വിശദീകരണവുമൊക്കെ നേരത്തേ തന്നെ മാധ്യമങ്ങളില്‍ വന്നുകഴിഞ്ഞതാണ്. ഡല്‍ഹി മുന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ്, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ്.വൈ. ഖുറൈശി, മുന്‍ എം.പി ശാഹിദ് സിദ്ദീഖി, സഈദ് ശര്‍വാനി എന്നിവരാണ് ചര്‍ച്ചക്ക് മുന്‍കൈയെടുത്തത്.

സംഭാഷണത്തിന്റെ സ്വഭാവം സംഘടനകള്‍ മുന്‍കൂട്ടി ചര്‍ച്ചചെയ്ത് അംഗീകരിച്ചിരുന്നു. ഇന്ത്യന്‍ മുസ്ലിംകളും പൊതുസമൂഹവും ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ആര്‍.എസ്.എസിന്റെ മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നായിരുന്നു മുസ്ലിം സംഘടന നേതാക്കള്‍ ഏകോപിച്ചെടുത്ത തീരുമാനം.

ഒരു ജനാധിപത്യ രാജ്യത്ത് വിയോജിപ്പുകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊപ്പം തന്നെ സംവാദങ്ങളും ചര്‍ച്ചകളും നടക്കണമെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട വിഷയങ്ങളെ കുറിച്ചും നിലപാടുകള്‍ സംബന്ധിച്ചും മുന്‍കൂട്ടി ധാരണയിലെത്തുകയും ചെയ്തു. വ്യവസ്ഥാപിതവും ഇരുവിഭാഗവും തുല്യനിലയിലുമായിരിക്കണം ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതെന്നും ചര്‍ച്ച ഒരു പൊതുതീരുമാനത്തിലെത്തിയാല്‍ അക്കാര്യം ജനങ്ങളോട് തുറന്നുപറയണമെന്നും ധാരണയായി.

രണ്ടു കാരണങ്ങള്‍കൊണ്ടാണ് ആര്‍.എസ്.എസുമായി ചര്‍ച്ചയാകാമെന്ന് മുസ്ലിം സംഘടനകള്‍ തീരുമാനിച്ചത്. ആര്‍.എസ്.എസ് ഉയര്‍ത്തിവിട്ട സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷമാണ് വിദ്വേഷ പ്രസംഗം, ആള്‍ക്കൂട്ടക്കൊല, വംശഹത്യ തുടങ്ങിയവക്ക് കാരണം. ആ വിഷയത്തില്‍ ആര്‍.എസ്.എസിനോടു തന്നെയാണ് സംസാരിക്കേണ്ടത്. ഇന്ത്യന്‍ ഭരണകൂടത്തെ നിലവില്‍ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസാണ് എന്നതാണ് മറ്റൊന്ന്. മുസ്ലിംകള്‍ രണ്ടാംതരം പൗരന്മാരാണെന്ന മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം, ആള്‍ക്കൂട്ടക്കൊല, വിദ്വേഷ പ്രസംഗം, വംശഹത്യ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കണമെന്ന് മുസ്ലിം സംഘടനകള്‍ തീരുമാനിക്കുകയും ശക്തമായി അവതരിപ്പിക്കുകയും ചെയ്തു.

അടച്ചിട്ട മുറിയില്‍ രഹസ്യ ചര്‍ച്ച നടന്നുവെന്ന പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിവിധ സംഘടനകളും ബ്യൂറോക്രാറ്റുകളുമടക്കം 14 പേര്‍ ഒന്നിച്ചിരുന്നു നടത്തിയത് രഹസ്യ ചര്‍ച്ചയായിരുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്ത് നേതാക്കള്‍ മാധ്യമങ്ങളോട് നേരത്തേ വിശദീകരിച്ചിരിക്കെ തെറ്റിദ്ധാരണ പരത്തുംവിധം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചില പ്രചാരണങ്ങള്‍ ദുരുദ്ദേശ്യപരവും അപലപനീയവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles