Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ കത്തിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ഡെന്‍മാര്‍ക്ക്

കോപന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ ഖുര്‍ആന്‍ കത്തിക്കുന്നതിന് നിരോധനം. ഡെന്‍മാര്‍ക്ക് പാര്‍ലമെന്റ് ആണ് പുതിയ നിയമം പാസാക്കിയത്. നേരത്തെ ഡെന്‍മാര്‍ക്കില്‍ പരസ്യമായി പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി പേര്‍ ഖുര്‍ആന്‍ പരസ്യമായി കത്തിച്ചിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ നിന്നും പ്രതിഷേധം ശക്തമാകുകയും ഡെന്‍മാര്‍ക്ക് സര്‍ക്കാരിനോട് മുസ്ലിം രാഷ്ട്രനേതാക്കള്‍ ഖുര്‍ആന്‍ കത്തിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം നിയമം പാസാക്കിയത്.

‘ഒരു അംഗീകൃത മത സമൂഹത്തിന് കാര്യമായ മതപരമായി പ്രാധാന്യമുള്ള രചനകള്‍ അനുചിതമായി കൈകാര്യം ചെയ്യുന്നത്’ നിരോധിക്കുന്ന ബില്‍ ആണ് വ്യാഴാഴ്ച 179 സീറ്റുകളുള്ള പാര്‍ലമെന്റില്‍ പാസാക്കിയത്. 94 വോട്ടുകള്‍ക്ക് അനുകൂലമായും 77 പേര്‍ എതിര്‍ത്തുമാണ് ബില്‍ പാസാക്കിയത്.

നിയമത്തിലൂടെ പ്രായോഗികമായി, വിശുദ്ധ ഗ്രന്ഥങ്ങള്‍ പൊതുസ്ഥലത്ത് വെച്ചോ വീഡിയോകളിലൂടെയോ കത്തിക്കുകയോ കീറുകയോ മലിനമാക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ രണ്ട് വര്‍ഷം വരെ തടവോ ലഭിക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ്, മാര്‍ഗരേത്ത് രാജ്ഞി ബില്ലില്‍ ഔദ്യോഗികമായി ഒപ്പിടേണ്ടതുണ്ട്. അത് ഈ മാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles