Current Date

Search
Close this search box.
Search
Close this search box.

ജഹാംഗീര്‍പുരി സംഘര്‍ഷം: ബജ്‌റംഗ്ദളിന്റെ ബന്ധിപ്പിച്ച പ്രസ്താവന പിന്‍വലിച്ച് ഡല്‍ഹി പൊലിസ്

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയില്‍ മുസ്ലിംകള്‍ക്കെതിരെ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ വിശ്വ ഹിന്ദു പരിഷത്തിനെയും ബജ്‌റംഗ്ദളിനെയും ബന്ധിപ്പിച്ച് ഡല്‍ഹി പൊലിസ് പുറത്തിറക്കിയ പ്രസ്താവന പിന്‍വലിച്ചു.

കഴിഞ്ഞ ശനിയാഴ്ച, വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹിന്ദു ഉത്സവമായ ഹനുമാന്‍ ജയന്തിയുടെ ഭാഗമായി ബജ്‌റംഗ്ദള്‍ മൂന്ന് ഘോഷയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ഘോഷയാത്രയില്‍ ആളുകള്‍ വാളുകളും ത്രിശൂലങ്ങളും ഉയര്‍ത്തിപ്പിടിച്ചിരുന്നുവെന്നും അവരില്‍ ചിലര്‍ തോക്കുകള്‍ പിടിച്ച് ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോകളില്‍ പ്രചരിച്ചിരുന്നു. മൂന്നാമത്തെ ഘോഷയാത്ര ഒരു മുസ്ലീം പള്ളിക്ക് മുന്നിലൂടെ കടന്നുപോയപ്പോഴാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

തുടര്‍ന്ന് അധികൃതരുടെ അനുമതിയില്ലാതെ ഏപ്രില്‍ 16ന് വൈകുന്നേരം ഘോഷയാത്ര നടത്തിയതിന് സംഘാടകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി തിങ്കളാഴ്ച ഡല്‍ഹി പോലീസ് പറഞ്ഞു. പ്രാദേശിക വിശ്വഹിന്ദു പരിഷത്ത് നേതാവായ പ്രേം ശര്‍മ്മയെ അറസ്റ്റ് ചെയ്തതായും പോലീസ് കൂട്ടിച്ചേര്‍ത്തു. റാലിക്ക് അനുമതി തേടാത്തതിന് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ എന്നീ ”സംഘാടകരെ” പോലീസ് നേരത്തെ മൊഴിയില്‍ ഉള്‍പ്പെടുത്തിയതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഹിന്ദുത്വ സംഘടനകളുടെ പേര്‍ പിന്‍വലിച്ച് അവരെ പരാമര്‍ശിക്കാതെയാണ് പൊലിസ് പുതിയ പ്രസ്താവന ഇറക്കിയത്.

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 188 പ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റമാണിതെന്നും സംഘര്‍ഷത്തില്‍ പങ്കെടുത്തയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.

 

Related Articles