Current Date

Search
Close this search box.
Search
Close this search box.

ബുള്ളി ഭായ്,സുള്ളി ഡീല്‍ കേസ്: ഡല്‍ഹി പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ സജീവമായ മുസ്ലിം സ്ത്രീകളെ ലൈംഗീകമായി അധിക്ഷേപിക്കാന്‍ വേണ്ടി നിര്‍മിച്ച ബുള്ളി ഭായ്,സുള്ളി ഡീല്‍ ആപ്പുമായി ബന്ധപ്പെട്ട കേസ് ഇഴഞ്ഞു നീങ്ങുന്നു. രണ്ട് മാസത്തിന് ശേഷം ഡല്‍ഹി പൊലിസ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) യൂണിറ്റാണ് കേസുകള്‍ അന്വേഷിക്കുന്നത്.

2021 ജൂലൈയിലാണ് സുള്ളി ഡീല്‍സ് മൊബൈല്‍ ആപ്പ് പ്രത്യക്ഷപ്പെട്ടത്. മുസ്ലീം സ്ത്രീകളുടെ ഫോട്ടോകള്‍ അവരുടെ സമ്മതമില്ലാതെ ആപ്പില്‍ ‘ലേലത്തിന്’ വെച്ചിരരിക്കുകയായിരുന്നു. ആറ് മാസത്തിന് ശേഷം, തന്നെ ചില അജ്ഞാത സംഘം ലക്ഷ്യമിടുന്നുവെന്ന് കാണിച്ച് ഡല്‍ഹി ആസ്ഥാനമായുള്ള ഒരു വനിതാ മാധ്യമപ്രവര്‍ത്തക ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. സമൂഹത്തിലെ ഒരു വിഭാഗം സ്ത്രീകളെ ഉപദ്രവിക്കുകയും ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന ബുള്ളി ബായ് എന്ന ആപ്പായിരുന്നു ഇത്തവണ. യു.എസ് ആസ്ഥാനമായുള്ള ഗിറ്റ് ഹബ് പ്ലാറ്റ്ഫോമിലാണ് രണ്ട് ആപ്പുകളും സൃഷ്ടിച്ചത്.

ബുള്ളി ബായ് ആപ്പ് സൃഷ്ടിച്ച നീരജ് ബിഷ്ണോയിയും സുള്ളി ഡീല്‍സ് ആപ്പിന്റെ സൃഷ്ടാവ് ഓംകരേശ്വര്‍ ഠാക്കൂറുമാണ് കേസിലെ മുഖ്യപ്രതികള്‍. യഥാക്രമം ജനുവരി 6, 8 തീയതികളിലാണ് ഡല്‍ഹി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് നാലിനാണ് ഡല്‍ഹിയിലെ പ്രാദേശിക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ബുള്ളി ബായ് കേസില്‍ 2000 പേജുകളും സുള്ളി ഡീല്‍ കേസിലെ കുറ്റപത്രം 700 പേജുകളുമാണ്. സുള്ളി ഡീല്‍സ് കേസില്‍ ഡല്‍ഹി പോലീസിന്റെ സൈബര്‍ ക്രൈം യൂണിറ്റ് ജൂലൈ 8ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354-എ (ലൈംഗിക പീഡനവും ലൈംഗികാതിക്രമത്തിനുള്ള ശിക്ഷയും) പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

153 എ വകുപ്പ് പ്രകാരമാണ് ബുള്ളി ഭായ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഐപിസിയുടെ 53 ബി (ആരോപണങ്ങള്‍, ദേശീയ ഉദ്ഗ്രഥനത്തിന് മുന്‍വിധിയുള്ള അവകാശവാദങ്ങള്‍), 354A(3) (ലൈംഗിക പീഡനവും ലൈംഗിക പീഡനത്തിനുള്ള ശിക്ഷയും), ഐടി ആക്ടിന്റെ സെക്ഷന്‍ 66, 67 എന്നിവയും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.

Related Articles