Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സംഘടന നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

file photo

തിരുവനന്തപുരം: വിവിധ മുസ്‌ലിം സംഘടന നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഓണ്‍ലൈന്‍ വഴിയാണ് കൂടിക്കാഴ്ച നടന്നത്. ന്യൂനപക്ഷ വകുപ്പിലൂടെ മുസ്ലിംകള്‍ അനര്‍ഹമായി പലതും നേടിയെടുക്കുന്നെന്ന പ്രചാരണത്തിന്റെ വസ്തുത ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കുക, മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക് സ്‌പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കുക, സംവരണം പുനക്രമീകരിക്കുക, അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കുക, പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുക, മലബാര്‍ മേഖലയില്‍ പ്ലസ്ടു സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുക, ബാലനീതി ശിക്ഷ നിയമങ്ങളുടെ പരിധിയില്‍ നിന്നും അനാഥ-അഗതി മന്ദിരങ്ങളെ ഒഴിവാക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ചരിത്രത്തെ വളച്ചൊടിക്കുന്ന പ്രവണതയെ ചെറുത്തുതോല്‍പിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ സംഘടന പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.

മുസ്ലിം സമുദായം അനര്‍ഹമായി ഒന്നും നേടിയിട്ടില്ലെന്നും അനര്‍ഹമായി നേട്ടമുണ്ടാക്കിയെന്ന പ്രചാരണം ശരിയല്ലെന്നും മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സംവരണ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ല. മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പഠിച്ച സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കിയത്. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത് കൊണ്ട് ഒരു വിഭാഗത്തിനും കുറവ് വരുകയില്ല. ഇക്കാര്യത്തില്‍ ആശങ്ക ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ (സമസ്ത) കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി (കേരള മുസ്ലിം ജമാഅത്ത്) ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്ലാമി) സി. മുഹമ്മദ് ഫൈസി (ഹജ്ജ് കമ്മിറ്റി) ഹുസൈന്‍ മടവൂര്‍(കെ.എന്‍.എം) അബ്ദുല്ലത്വീഫ് കരുമ്പിലാക്കല്‍ (മര്‍ക്കസുദ്ദഅ്‌വ) കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി( ദക്ഷിണ കേരള മുസ്ലിം ഫെഡറേഷന്‍) എ. നജീബ് മൗലവി, ടി.കെ അബ്ദുല്‍കരീം(എം.എസ്.എസ്) ടി.കെ അഷ്‌റഫ് (വിസ്ഡം) കെ.എം.എ റഹീം, യഅ്ക്കൂബ് ഫൈസി തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Related Articles