Current Date

Search
Close this search box.
Search
Close this search box.

ഇറാനെതിരെ വീണ്ടും ഷാര്‍ലി എബ്ദോ; നടപടി വേണമെന്ന് ഫ്രാന്‍സിനോട് ഹിസ്ബുല്ല

തെഹ്‌റാന്‍: ഇറാനെതിരെ വീണ്ടും കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി എബ്ദോ. ഇന്ന് (ബുധനാഴ്ച) പുറത്തിറക്കിയ ലക്കത്തിലാണ് ഇറാന്‍ ഭരണകൂടത്തെ പരിഹസിച്ച് മാസിക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ‘മതത്തിന്റെ അനുയായികള്‍ സന്തുഷ്ടരല്ല, അവരുടെ പരമോന്നത നേതാവിന്റെ ചിത്രം അവരെ അധികം ചിരിപ്പിച്ചതായി തോന്നുന്നില്ല’ -ഇറാന്‍ ഭരണകൂടത്തെ വിമര്‍ശിച്ചുള്ള എഡിറ്റോറിയലില്‍ മാസികയുടെ മാനേജിങ് എഡിറ്റര്‍ റീസ് എഴുതി. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണിത്. മാസികക്കെതിരെ ഫ്രഞ്ച് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ലബനാനിലെ ഹിസ്ബുല്ല ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു.

ഇറാനികള്‍ വരച്ച 300ഓളം കാര്‍ട്ടൂണുകളാണ് മാസികക്ക് ലഭിച്ചതെന്നും അവരില്‍ മിക്ക പേരും നാടുകടത്തപ്പെട്ടവരാണെന്നും അതില്‍ ഏറ്റവും മൗലികമായ, ആശയപ്രകാശനപരമായതാണ് പ്രസിദ്ധീകരിച്ചതെന്നും റീസ് കൂട്ടിച്ചേര്‍ത്തു.

ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കി മത്സരം നടത്തുമെന്ന് കഴിഞ്ഞ മാസം മാസിക പ്രഖ്യാപിച്ചിരുന്നു. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് തുടര്‍ന്ന് തെഹ്‌റാനിലെ ഫ്രഞ്ച് അംബാസഡര്‍ നികോളസ് റോച്ചിനെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. പ്രവാചകന്‍ മുഹമ്മദിനെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 2015 ജനുവരി ഏഴിന് മാസികയുടെ പാരിസിലെ ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles