Current Date

Search
Close this search box.
Search
Close this search box.

വിമതരുമായുള്ള സംഘര്‍ഷത്തിനിടെ ചാഡ് പ്രസിഡന്റ് കൊല്ലപ്പെട്ടു

ലണ്ടന്‍: മധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ ചാഡ് പ്രസിഡന്റ് ഇദ്‌രിസ് ദിബി കൊല്ലപ്പെട്ടു. 68 വയസ്സായിരുന്നു. രാജ്യത്തെ വിമത സംഘവുമായി സര്‍ക്കാര്‍ സൈന്യം പൊടുന്നനെയുണ്ടായ സംഘട്ടത്തിനിടെ പരുക്കേറ്റതിനെത്തുടര്‍ന്നാണ് പ്രസിഡന്റ് കൊല്ലപ്പെട്ടതെന്ന് സൈന്യത്തെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ 30 വര്‍ഷം ചാഡില്‍ അധികാരത്തിലിരുന്ന നേതാവാണ് ദിബി. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മരണം.

ഏപ്രില്‍ 11ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ തുടര്‍ച്ചയായ ആറാം തവണയും 80 ശതമാനം വോട്ടോടെ അദ്ദേഹം തന്നെ അധികാരമേല്‍ക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കയിലെ തന്നെ ദീര്‍ഘകാലം അധികാരത്തിലിരുന്ന രാഷ്ട്ര നേതാവാണ് ദിബി. 1990ലെ സായുധ പ്രക്ഷോഭത്തിലാണ് അദ്ദേഹം ആദ്യമായി അധികാരത്തിലെത്തിയത്.

‘യുദ്ധഭൂമിയില്‍ പരമാധികാര രാഷ്ട്രത്തെ പ്രതിരോധിച്ചുകൊണ്ട് അവസാന ശ്വാസമെടുത്തത്’ എന്നാണ് സൈനിക ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. വിമതരുമായി യുദ്ധം ചെയ്യുന്ന സൈനികരെ കാണാന്‍ പോയതായിരുന്നു അദ്ദേഹമെന്നും രാജ്യത്തിന്റെ വടക്ക് ഭാഗത്ത് സാഹിലില്‍ വെച്ചാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ദിവസം രാജ്യത്തിന്റെ വടക്ക് ഭാഗത്ത് കടന്നുകയറ്റം നടത്തിയ വിമതര്‍ക്കെതിരെ പോരാട്ടം നടത്തണമെന്ന് കഴിഞ്ഞ ദിവസം ദിബി സൈന്യത്തോട് ആഹ്വാനം ചെയ്തിരുന്നു. ഒന്‍പത് പേരായിരുന്നു ഡെബിയ്‌ക്കെതിരെ മത്സരിച്ചത്. പിന്നീട് മൂന്ന് പേര്‍ മത്സരംഗത്ത് നിന്ന് പിന്മാറുകയും ചെയ്തിരുന്നു.

Related Articles