Current Date

Search
Close this search box.
Search
Close this search box.

കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ സി.എ.എ നടപ്പിലാക്കും: അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് പൂര്‍ത്തിയായാല്‍ കേന്ദ്രം പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോടാണ് ചൊവ്വാഴ്ച ഇക്കാര്യമറിയിച്ചത്. ഇന്ന് പാര്‍ലമെന്റിലെ ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയപ്പോഴാണ് അമിത് ഷാ അദ്ദേഹത്തിന് ഉറപ്പ് നല്‍കിയത്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കും 2014 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഇന്ത്യയില്‍ പ്രവേശിച്ച ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം. 2019 ഡിസംബര്‍ 11നാണ് നിയമം പാര്‍ലമെന്റ് പാസാക്കിയത്. അടുത്ത ദിവസം വിജ്ഞാപനം ചെയ്യുകയും ചെയ്തു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ വിവിധ കോണുകളില്‍ നിന്നും കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കേന്ദ്രം ഇതുവരെ നിയമത്തിന് ചട്ടങ്ങള്‍ രൂപപ്പെടുത്തിയിട്ടില്ലെങ്കിലും, സി.എ.എ നടപ്പിലാക്കുമെന്ന് അമിത് ഷാ നിരന്തരം പറയുന്നുണ്ട്.
കോവിഡ് -19 വാക്‌സിനേഷന്റെ മൂന്നാം ഡോസ് നല്‍കുന്നതിനുള്ള രാജ്യവ്യാപക പ്രചാരണം അവസാനിച്ചുകഴിഞ്ഞാല്‍ സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കിയതായി യോഗത്തിന് ശേഷം സുവേന്ദു അധികാരി പറഞ്ഞു, ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles