Current Date

Search
Close this search box.
Search
Close this search box.

ഗസ്സ: ബ്ലിങ്കന്‍ മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി

വെസ്റ്റ്ബാങ്ക്: വെടിനിര്‍ത്തല്‍ കരാര്‍ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി പശ്ചിമേഷ്യയില്‍ സന്ദര്‍ശനം തുടരുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.

11 ദിവസത്തെ രൂക്ഷമായ ഇസ്രായേലിന്റെ ബോംബിങ്ങിന് ശേഷമാണ് ബ്ലിങ്കന്‍ ഫല്‌സ്തീനിലെത്തിയത്. റാമല്ലയില്‍ വെച്ച് ചൊവ്വാഴ്ചയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അമേരിക്ക ഗസ്സയ്ക്ക് പതിനായിരക്കണക്കിന് ഡോളറിന്റെ സഹായം നല്‍കുമെന്നും എന്നാല്‍ ഗസ്സ പുനര്‍നിര്‍മാണ പ്രക്രിയയില്‍ ഹമാസിന് പ്രയോജനം ലഭിക്കില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബ്ലിങ്കന്‍ പറഞ്ഞു.

ഗസ്സ മുനമ്പിന് 5.5 മില്യണ്‍ ഡോളര്‍ ദുരന്ത സഹായം അടിയന്തരമായി നല്‍കാനുള്ള പദ്ധതികള്‍ ബ്ലിങ്കന്‍ തയ്യാറാക്കി. ഫലസ്തീന്‍ അഭയാര്‍ഥികളെ (യു.എന്‍.ആര്‍.ഡബ്ല്യു.എ) പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്ര ഏജന്‍സിക്ക് 32 മില്യണ്‍ സഹായവും അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനികളുടെ വികസനത്തിനും സാമ്പത്തിക സഹായത്തിനുമായി 75 മില്യണ്‍ ഡോളര്‍ കൂടി അംഗീകരിക്കാന്‍ ഭരണകൂടം യു.എസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെടും.
ജറുസലേമിലെ യു.എസ് കോണ്‍സുലേറ്റ് വീണ്ടും തുറക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ബ്ലിങ്കന്‍ കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു.

ഞാന്‍ ഫലസ്തീന്‍ പ്രസിഡന്റിനോട് പറഞ്ഞതുപോലെ, ഫലസ്തീന്‍ അതോറിറ്റിയുമായും പലസ്തീന്‍ ജനങ്ങളുമായുള്ള ബന്ധം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള അമേരിക്കയുടെ പ്രതിബദ്ധത അടിവരയിടാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്, സുരക്ഷ, സ്വാതന്ത്ര്യത്തിനുള്ള അവസരം, അഭിമാനം എന്നിവയുടെ തുല്യ നടപടികള്‍ക്ക് ഫലസ്തീനികളും ഇസ്രായേലികളും ഒരുപോലെ അര്‍ഹരാണ്. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും ഫലസ്തീന്‍ ജനതയുമായി ഈ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാനും അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം മഹ്മൂദ് അബ്ബാസിനോട് പറഞ്ഞു.

Related Articles