Current Date

Search
Close this search box.
Search
Close this search box.

മുസഫര്‍ നഗര്‍ കലാപം: തടവുശിക്ഷ വിധിച്ച ബി.ജെ.പി എം.എല്‍.എക്ക് പിന്നാലെ ജാമ്യം

മുസഫര്‍ നഗര്‍: 2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കലാപത്തിനും തീകൊളുത്തിയതിനും കുറ്റക്കാരെന്ന് കണ്ടെത്തി ജയില്‍ ശിക്ഷ വിധിക്കപ്പെട്ട ബി.ജെ.പി എം.എല്‍.എക്ക് പിന്നാലെ ജാമ്യവും. കഴിഞ്ഞ ദിവസമാണ് മുസഫര്‍നഗര്‍ കോടതി ഖത്തൗലിയിലെ ബി.ജെ.പി എം എല്‍ എ വിക്രം സൈനി ഉള്‍പ്പെടെ 12 പേര്‍ക്ക് രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. എന്നാല്‍ വിധി വന്ന ഉടന്‍ തന്നെ എംഎല്‍എയ്ക്ക് ജാമ്യം ലഭിക്കുകയായിരുന്നു.

2013ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് ജില്ലയില്‍ നടന്ന കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും 50,000 പേര്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച മറ്റ് 15 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. എല്ലാ പ്രതികള്‍ക്കും 10,000 രൂപ വീതം പിഴയും കോടതി വിധിച്ചു.

മുസാഫര്‍നഗര്‍ ജില്ലയിലെ ഖതൗലി നിയമസഭയില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എയാണ് സൈനി. 2017 മുതല്‍ ഒരേ അസംബ്ലി സീറ്റില്‍ നിന്ന് രണ്ട് തവണ എം.എല്‍.എ.യാണ് അദ്ദേഹം. കൊലപാതകശ്രമത്തിനും 2013-ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട മറ്റു കുറ്റങ്ങള്‍ ചുമത്തപ്പെട്ടപ്പോള്‍ മുസഫര്‍ നഗറിലെ കാവല്‍ ഗ്രാമത്തിന്റെ തലവനായിരുന്നു അദ്ദേഹം.

രണ്ട് സഹോദരങ്ങളുടെ കൊലപാതകത്തിന് ശേഷം, 2013 ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ മുസഫര്‍നഗറില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഒരു മാസത്തോളം നീണ്ടുനിന്ന സംഘര്‍ഷം അരങ്ങേറിയിരുന്നു. സംഘര്‍ഷത്തിന് പിന്നില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണെന്ന് പിന്നീട് തെളിവുകള്‍ പുറത്തുവന്നിരുന്നു. സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) മുസഫര്‍നഗര്‍ കലാപം അന്വേഷിച്ചത്.

 

Related Articles