Current Date

Search
Close this search box.
Search
Close this search box.

ക്യാന്‍സല്‍ ചെയ്ത ഭക്ഷണം കഴിച്ചു; ഡെലിവറി ബോയിയെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം

മനാമ: ഉപഭോക്താവ് ക്യാന്‍സല്‍ ചെയ്ത ഭക്ഷണം കഴിച്ചതിന് ഡെലിവറി ബോയിയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ട ഓണ്‍ലൈന്‍ ഫുഡ് കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം ബഹ്‌റൈനിലാണ് സംഭവം. യുവാവ് ഭക്ഷണം കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെതുടര്‍ന്നാണ് കമ്പനി നടപടിയെടുത്തത്. എന്നാല്‍ കമ്പനിയുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനമാണുയര്‍ന്നത്.

‘തലബാത്’ കമ്പനിയിലെ ഡെലിവറി ബോയ് ആണ് മോട്ടോര്‍ ബൈക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം ക്യാരേജ് തുറന്ന് ഭക്ഷണം കഴിക്കുന്നതായി വീഡിയോ പ്രചരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗള്‍ഫ് ആസ്ഥാനമായുള്ള പത്രമായ ‘ഖലീജ് ടൈംസ്’ ഡെലിവറി കമ്പനിയെ സമീപിച്ചപ്പോള്‍, ക്ലിപ്പ് ബഹ്റൈനില്‍ നിന്നും എടുത്തതാണെന്നും ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും തലബാത്ത് പ്രസ്താവനയില്‍ പ്രതികരിച്ചു.

‘ഒരു ഡെലിവറി ബോയ് ഒരു ഓര്‍ഡര്‍ മോശമായി കൈകാര്യം ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോയെക്കുറിച്ച് ഞങ്ങള്‍ അറിയാനിടയായെന്നും ഇത് ഞങ്ങളുടെ ആരോഗ്യ സുരക്ഷാ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് ക്യാന്‍സല്‍ ചെയ്ത ഓര്‍ഡറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കൂടുതല്‍ അന്വേഷണത്തിനായി റൈഡറെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു.

‘ഞങ്ങള്‍ അത്തരം പ്രവൃത്തികള്‍ വളരെ ഗൗരവമായി കാണുന്നു, ഞങ്ങളുടെ ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ ലോജിസ്റ്റിക്‌സ് പങ്കാളികള്‍ക്കും റൈഡര്‍മാര്‍ക്കും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കത്ത് അയച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

ഡ്രൈവറുടെ സസ്പെന്‍ഷനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ, ഡെലിവറി കമ്പനിക്കെതിരെ ഉപയോക്താക്കള്‍ രംഗത്തെത്തി. ഡെലിവറി ഡ്രൈവര്‍ക്ക് പിന്തുണ അറിയിച്ചു, ഒരു കുടിയേറ്റ തൊഴിലാളിയായ ഡെലിവറി ഡ്രൈവറെ സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്യരുതെന്ന് ആവശ്യമുയര്‍ന്നു.

സൗദി അറേബ്യയിലെ ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് ഡ്രൈവര്‍ക്ക് തന്റെ കമ്പനിയില്‍ ജോലി നല്‍കുമെന്ന് വാഗ്ദാനവും ചെയ്തു. മറ്റൊരു സോഷ്യല്‍ മീഡിയ ഉപയോക്താവ് ക്ലിപ്പ് പ്രസിദ്ധീകരിച്ച വ്യക്തിയെ വിമര്‍ശിച്ചു, ഇതാണ് യുവാവിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടാന്‍ കാരണമായതെന്നും വിമര്‍ശനമുയര്‍ന്നു. സംഭവത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയത്.

 

 

Related Articles