Current Date

Search
Close this search box.
Search
Close this search box.

‘ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ ശ്രമം’ പൊലിസ് കേസില്‍ അപലപിച്ച് ‘ഹിന്ദുത്വ വാച്ച്’

ഡല്‍ഹി: തങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇന്ത്യയിലെ സംഘ്പരിവാര്‍-തീവ്ര ഹിന്ദുത്വ ശക്തികളുടെ അതിക്രമങ്ങള്‍ തുറന്നുകാട്ടുന്ന സ്വതന്ത്ര അന്വേഷണ സംഘമായ ‘ഹിന്ദുത്വ വാച്ച്’. വലതുപക്ഷ സംഘടന നേതാക്കളുടെ പരാതിയില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ സംഘടന അപലപിച്ചു. സംഘ്പരിവാര്‍ നേതാക്കളായ സാംബാജി അലിയാസ്, ബാന്ദ സാലുങ്കെ എന്നിവരാണ് പൊലിസില്‍ പരാതി നല്‍കിയത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു ആക്രമണത്തിന് പ്രേരിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് കോലാഹ്പൂര്‍ പൊലിസില്‍ ആണ് ഇവര്‍ പരാതി നല്‍കിയത്. വിവിധ അവസരങ്ങളില്‍ ഈ നേതാക്കള്‍ മുസ്ലീം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന വീഡിയോകള്‍ ഹിന്ദുത്വ വാച്ച് ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരുന്നു.

വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനും അടുത്തിടെ നടന്ന കോലാഹ്പൂര്‍ കലാപത്തിലും വിശാലഗഢ് ദേവാലയ വിദ്വേഷ കുറ്റകൃത്യത്തിലും 2023 ഫെബ്രുവരിയില്‍ ഒരു തീവ്രവാദി സംഘം ദേവാലയത്തിന് നേരെ ക്രൂഡ് റോക്കറ്റ് തൊടുത്തുവിട്ട സംഭവത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വേണ്ടിയുള്ള ആസൂത്രിത ശ്രമമാണ് ഈ കേസെന്നും ഹിന്ദുത്വ വാച്ച് ട്വീറ്റ് ചെയ്തു.

2023 ജൂണ്‍ 7-ന്, ഹിന്ദുത്വ വാച്ചിനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനും കലാപത്തിന് പ്രേരിപ്പിച്ചതിനും കോലാപൂര്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന്് വലതുപക്ഷ മുഖപത്രമായ ഒപി ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷമായി സലുങ്കെയുടെ വിദ്വേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മേഖലയിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഹിന്ദുത്വ വാച്ച് കോലാപൂര്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചു.
അടുത്തിടെ നടന്ന വര്‍ഗീയ സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ പോലീസിന് നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും സംഘം കൂട്ടിച്ചേര്‍ത്തു.

Related Articles