Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിന്നുള്ള ഇന്നത്തെ പ്രധാന അപ്ഡേറ്റുകള്‍

ഗസ്സ സിറ്റി: ഇസ്രായേല്‍ ഗസ്സക്കുമേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ഉപരോധം രണ്ടാഴ്ചയോടടുക്കുമ്പോള്‍ നേരിയ സമാധാനമായി ഈജിപ്തുമായുള്ള ഗസ്സയുടെ അതിര്‍ത്തിയായ റഫ തുറന്നുനല്‍കി എന്നതാണ് ഇന്നത്തെ ഏറ്റവും സുപ്രധാന വാര്‍ത്ത. ആദ്യഘട്ടത്തില്‍ 20 ട്രക്കുകളാണ് ഗസ്സയെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയത്. റെഡ് ക്രസന്റിന്റെ ട്രക്കുകള്‍ ആണ് ആദ്യമെത്തിയത്.

യു.എന്നിന്റെ നേതൃത്വത്തിലാണ് സഹായ വിതരണം. വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര ഏജന്‍സികളും സ്‌പോണ്‍സര്‍ ചെയ്ത നിരവധി ട്രക്കുകള്‍ ഇനിയും റഫയില്‍ കാത്ത് കിടക്കുന്നത്. ഇന്ധനം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ഗസ്സയിലേക്ക് എത്തിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് യു.എന്‍ മാനുഷിക മേധാവി പറഞ്ഞു. മുനമ്പിലേക്ക് പോകുന്ന ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ വാഹനത്തില്‍ 60 ടണ്‍ ഭക്ഷണമുണ്ടെന്ന് യു.എന്‍ അറിയിച്ചു.

ഗസ്സയിലേക്ക് പ്രവേശിക്കുന്ന മാനുഷിക സഹായങ്ങള്‍ മുനമ്പിന്റെ തെക്ക് ഭാഗത്തേക്ക് പോകുമെന്ന് ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. എന്നാല്‍ ‘ഇന്ധനം ഗസ്സയില്‍ പ്രവേശിക്കില്ല’ എന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ മാത്രമേ ഗസ്സയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂവെന്നും റഫ ക്രോസിംഗ് തുറന്നതിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാഹനവ്യൂഹത്തില്‍ മരുന്നും ഭക്ഷണസാധനങ്ങളുമാണുള്ളതെന്ന് ഹമാസ് അറിയിച്ചു.

അതേസമയം, ഇപ്പോള്‍ എത്തിയ ഈ പ്രാഥമിക സഹായം ഇപ്പോഴും ‘സമുദ്രത്തിലെ ഒരു തുള്ളി’ മാത്രമാണന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.

കെയ്റോ സമാധാന ഉച്ചകോടി എന്ന് വിളിക്കപ്പെടുന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തിന് ശനിയാഴ്ച ഈജിപ്തില്‍ തുടക്കമായി. യുദ്ധം അവസാനിപ്പിക്കാനുള്ള വഴികള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ഈജിപത് പറഞ്ഞു. ഫലസ്തീന്‍ സംഘര്‍ഷത്തില്‍ പാശ്ചാത്യന്‍ ലോകം തുടരുന്ന ഇരട്ടത്താപ്പിനെയും ഈജിപ്ത് പ്രസിഡന്റ് അല്‍സീസി ചോദ്യം ചെയ്തു

ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും അഭയകേന്ദ്രങ്ങള്‍ക്കും നേരെ വരെ വ്യോമാക്രമണം നടത്തി സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം ‘സാധ്യമായ എല്ലാ മാനുഷിക നിയമങ്ങളും ലംഘിക്കുന്ന’ സാഹചര്യത്തിലാണ് കെയ്റോയില്‍ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് ഉച്ചകോടിയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു. ‘ഈ ക്രൂരമായ ആക്രമണം അവസാനിപ്പിക്കാനും മാനുഷിക ഇടനാഴികള്‍ തുറക്കാനും ഞങ്ങള്‍ ആദ്യ ദിവസം മുതല്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നമ്മുടെ രാജ്യവുമായി ബന്ധപ്പെടുത്തന്‍ കഴിയുമെന്ന് ഉച്ചകോടിയില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ പറഞ്ഞു.

ഇതുവരെയാണ് ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,200 കടന്നു. മരിച്ചവരില്‍ 70 ശതമാനം സ്ത്രീകളും കുട്ടികളുമാണ്. 1,400 പേര്‍ ആണ് ഇതുവരെയായി ഇസ്രായേലില്‍ കൊല്ലപ്പെട്ടത്.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അരൗറയിലുള്ള ഹമാസ് ഡെപ്യൂട്ടി ചീഫ് സാലിഹ് അല്‍-അറൂറിയുടെ വീട് ഇസ്രായേല്‍ സൈന്യം റെയ്ഡ് ചെയ്തു. നിരവധി പേരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.

തങ്ങളുടെ 17 ജീവനക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യു.എന്‍ ജീവകാരുണ്യ സംഘടനയായ യുഎന്‍ആര്‍ഡബ്ല്യുഎ പറഞ്ഞു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ നിന്ന് ഹമാസ് കഴിഞ്ഞ ദിവസം രണ്ട് യു.എസ് ബന്ധികളെ മോചിപ്പിച്ചു. മാനുഷിക പരിഗണന വെച്ചാണ് മോചിപ്പിച്ചതെന്ന് ഹമാസ് പറഞ്ഞു. റെഡ് ക്രസന്റ് മുഖേനയാണ് ബന്ധികളെ കൈമാറിയത്. ഖത്തറിന്റെ മധ്യസ്ഥതയിലായിരുന്നു മോചനം.

മോചിപ്പിച്ച രണ്ട് അമേരിക്കന്‍ തടവുകാരുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ശനിയാഴ്ച കൂടിക്കാഴ്ച നടത്തി.

Related Articles