Current Date

Search
Close this search box.
Search
Close this search box.

കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം മടങ്ങിയെത്തി

കൊച്ചി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ഹാജിമാരുടെ സംഘം കേരളത്തില്‍ തിരിച്ചെത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്ര പോയവരുടെ സംഘമാണ് വെള്ളിയാഴ്ച രാത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.

സംഘത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഹാജിമാരുടെ കുടുംബാംഗങ്ങളും സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു. ഹാജിമാര്‍ക്കുള്ള 5 ലിറ്റര്‍ സംസം വെള്ളം ഇവിടെ വെച്ച് നല്‍കി. ഇത് സഊദി എയര്‍ലൈന്‍സ് വിമാനങ്ങളില്‍ നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തിച്ചിരുന്നു.

സഊദി എയര്‍ലൈന്‍സിന്റെ എസ് വി 5702 നമ്പര്‍ വിമാനത്തില്‍ 377 ഹാജിമാരാണ് ഉണ്ടായിരുന്നത്. ബുദ്ധിമുട്ടുകളും അസൗകര്യങ്ങളൊന്നുമില്ലാതെ ഹജ്ജ് കര്‍മം ഭംഗിയായി നിര്‍വഹിക്കാന്‍ പറ്റിയെന്ന് തിരിച്ചെത്തിയ ഹാജിമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

7727 തീര്‍ത്ഥാടകരാണ് ഇത്തവണ ഹജ്ജ് കമ്മിറ്റി മുഖേന യാത്ര തിരിച്ചിരുന്നത്. ഓഗസ്റ്റ് 1 വരെ 21 വിമാനങ്ങളിലായാണ് ഹാജിമാരുടെ മടക്ക യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഇത്തവണ നെടുമ്പാശേരി മാത്രമാണ് കേരളത്തില്‍ നിന്നുള്ള ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ്.

തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും സിയാലിന്റെയും നേതൃത്വത്തില്‍ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ടെര്‍മിനലിനു പുറത്ത് എത്തുന്ന ഹാജിമാര്‍ക്ക് കവര്‍ നമ്പര്‍ പ്രകാരം ലഗേജ് ലഭ്യമാക്കുന്നതിനു പ്രത്യേക വോളണ്ടിയര്‍മാര്‍ സേവനത്തിനുണ്ട്.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles