Current Date

Search
Close this search box.
Search
Close this search box.

ഒഡീഷ: ക്ഷേത്ര പുനരുദ്ധാരണത്തിന് കുടിയൊഴിപ്പിക്കല്‍ ഭീതിയില്‍ 200 ദലിത് കുടുംബങ്ങള്‍

ന്യൂഡല്‍ഹി: ഒഡീഷയില്‍ ക്ഷേത്രം പുനരുദ്ധാരണപ്രവൃത്തിയുടെ ഭാഗമായി കുടിയൊഴിപ്പിക്കല്‍ ഭീതിയിലാണ് 200ഓളം ദലിത് കുടുംബങ്ങള്‍. പടിഞ്ഞാറന്‍ ഒഡീഷയിലെ സംബല്‍പൂരിലെ സമലേശ്വരി ക്ഷേത്രത്തിന്റെ നവീകരണ, മോടികൂട്ടല്‍ പ്രവൃത്തികളുടെ ഭാഗമായാണ് നിരവധി ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നത്. ദിവസക്കൂലിക്കാരുടെ ദലിത് കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണ് ഇതോടെ അവതാളത്തിലാകുന്നത്.

250 കോടിയുടെ പുനരുദ്ധാരണ പദ്ധതി 2021ലാണ് ആരംഭിച്ചത്. ഒഡീഷ സര്‍ക്കാരിന്റെ സമലേശ്വരി ടെമ്പിള്‍ ഏരിയ മാനേജ്മെന്റ് ആന്‍ഡ് ലോക്കല്‍ ഇക്കണോമി ഇനിഷ്യേറ്റീവ്‌സ് (SAMALEI) പദ്ധതിക്ക് കീഴിലാണ് ഇത് നടപ്പിലാക്കുന്നത്. ക്ഷേത്ര സമുച്ചയത്തിന് ചുറ്റുമുള്ള പ്രദേശം പുനര്‍ നിര്‍മിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.

എന്നാല്‍, ക്ഷേത്ര പരിസരം മോടിപിടിപ്പിക്കാനുള്ള നീക്കം ഘുങ്ഗുട്ടി പാറയിലെ ചേരി നിവാസികളുടെ വീടുകള്‍ തകര്‍ക്കുന്നതിലേക്കാണ് കലാശിക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം. പ്രദേശത്ത് താമസിക്കുന്ന ഭൂരിഭാഗം കുടുംബങ്ങളും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരില്‍ ഭൂരിഭാഗവും ദിവസക്കൂലിക്കാരുമാണ്.

സര്‍വേ പ്രകാരം 200 ഓളം കുടുംബങ്ങളെ പദ്ധതി ബാധിക്കും. അഭിഭാഷകരും ആക്ടിവിസ്റ്റുകളും പറയുന്നതനുസരിച്ച്, കുറഞ്ഞത് 100 വീടുകളെങ്കിലും ഇതിനകം തകര്‍ത്തിട്ടുണ്ട്. മറ്റ് കുടുംബങ്ങള്‍ തങ്ങളുടെ വീടുകള്‍ സംരക്ഷിക്കാന്‍ ഒഡീഷ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

 

Related Articles