Current Date

Search
Close this search box.
Search
Close this search box.

ഹമാസ് നയരേഖ പിച്ചിചീന്തി ഇസ്രേയേല്‍ പ്രധാനമന്ത്രി

തെല്‍അവീവ്: ഹമാസിന്റെ രാഷ്ട്രീയ നയരേഖയോടുള്ള അമര്‍ഷം മറച്ചുവെക്കുന്നതില്‍ പരാജയപ്പെട്ട ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രസ്തുത രോഖയുടെ പകര്‍പ്പ് പിച്ചിചീന്തി ചവറ്റുകുട്ടയില്‍ ഇടുന്ന രംഗം കഴിഞ്ഞ ദിവസം പുറത്തുവന്നു. 1967ലെ അതിര്‍ത്തിപ്രകാരമുള്ള ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പറഞ്ഞതിലൂടെ ലോകത്തോട് കള്ളം പറയുകയാണ് ഹമാസ് എന്നും അദ്ദേഹം ആരോപിച്ചു. ഇസ്രയേല്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവ് ഓഫീര്‍ ജെന്‍ഡെല്‍മാനാണ് വീഡിയോ ക്ലിപ്പ് പുറത്തുവിട്ടിരിക്കുന്നത്.
ഹമാസിന്റെ നയരേഖ യാഥാര്‍ഥ്യങ്ങളെ പൂര്‍ണമായും വളച്ചൊടിച്ചു കൊണ്ടുള്ളതാണ്. ഞങ്ങളുടെ ഭൂമിയുടെ ഓരോ സെന്റീമീറ്ററും ഫലസ്തീനികളുടേതാക്കുന്നതും ഇസ്രയേലിനെ നീക്കം ചെയ്യുകയല്ലാതെ മറ്റൊരു പരിഹാരമില്ലെന്ന് പറയുന്നതുമാണത്. എന്ന് നെതന്യാഹു ക്ലിപ്പില്‍ പറയുന്നു. ഇസ്രയേലിനെ തകര്‍ക്കുന്നതിനായി ഹമാസ് ഫലസ്തീന്‍ രാഷ്ട്രത്തെ ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താ മാധ്യമങ്ങള്‍ ഈ വ്യാജ വാര്‍ത്തകളുടെ പേരില്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും 97 സെക്കന്റ് ദൈര്‍ഘ്യമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിട്ടുള്ള ക്ലിപ്പില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു. ഹമാസ് സ്ത്രീകളെയും കുട്ടികളെയും കൊല്ലുകയും ഞങ്ങളുടെ വീടുകള്‍ക്ക് നേരെ നിരവധി റോക്കറ്റുകള്‍ അയക്കുകയും ചെയ്യുന്നുവെന്നും കുട്ടികളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ചാവേറുകളാക്കി മാറ്റുന്നുവെന്നും ആരോപിച്ചാണ് ക്ലിപ്പ് അവസാനിക്കുന്നത്.
അതേസമയം തങ്ങളുടെ രാഷ്ട്രീയ നയരേഖ ചീന്തിക്കളഞ്ഞ നെതന്യാഹുവിന്റെ നടപടിയെ ‘വംശീയ പെരുമാറ്റ’മായിട്ടാണ് ഹമാസ് കാണുന്നത്. നെതന്യാഹുവിന്റെ നടപടിയെ ദുര്‍ബലരുടെ പ്രവര്‍ത്തനം എന്നു വിശേഷിപ്പിച്ച ഹമാസ് വക്താവ് സാമി അബൂസുഹ്‌രി നയരേഖയുടെ സ്വാധീനത്തിന്റെയും ശക്തിയുടെയും തെളിവാണത് എന്നും പ്രതികരിച്ചു.

Related Articles