Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ്; പുതിയ നിര്‍ദേശങ്ങള്‍ക്കെതിരെ മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: ഹജ്ജ് നയ പുനരവലോകന സമിതിയുടെ നിര്‍ദേശങ്ങള്‍ക്കെതിരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയും മുസ്‌ലിം സംഘടന നേതാക്കളും. തുടര്‍ച്ചയായി അഞ്ചു തവണ അപേക്ഷിക്കുന്നവര്‍ക്കും 70 വയസ്സ് കഴിഞ്ഞവര്‍ക്കും മുന്‍ഗണന വേണ്ടെന്ന്‌വെക്കാനും സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരുടെ ഹജ്ജ് ക്വോട്ട 30 ശതമാനമാക്കി വര്‍ധിപ്പിക്കാനുമുള്ള സമിതി നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും മുസ്‌ലിം സംഘടന നേതാക്കളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഴുവന്‍ മുസ്‌ലിം സംഘടന നേതാക്കളും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഹജ്ജ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. സുപ്രീംകോടതി ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ ഹജ്ജ് നയ പുനരവലോകന സമിതി വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് രണ്ടാഴ്ച മുമ്പാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമായോ ആലോചിക്കാതെ തീര്‍ത്തും ഏകപക്ഷീയമായാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മന്ത്രി കെ.ടി. ജലീലും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗങ്ങളും എം.പിമാരുമായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
ഹജ്ജ് വിമാനയാത്രക്ക് കൊള്ളനിരക്ക് ഈടാക്കി തീര്‍ഥാടകരെ ചൂഷണംചെയ്യുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിനുപുറമെ ഹജജ് സബ്‌സിഡിയുടെ പഴിയും തീര്‍ഥാടകര്‍ കേള്‍ക്കേണ്ടിവരുന്നു. ഇതിനു പരിഹാരമുണ്ടാക്കാന്‍ ഔദ്യോഗികതലത്തില്‍ ശ്രമം നടത്തുമെന്നും മന്ത്രിയും എം.പിമാരും പറഞ്ഞു. അഞ്ചു തവണ തുടര്‍ച്ചയായി അപേക്ഷിക്കുന്നവരെയും 70 വയസ്സ് കഴിഞ്ഞവരെയും നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണമെന്ന സമിതി നിര്‍ദേശം പരിഗണിക്കരുതെന്നും ഈ രണ്ടു വിഭാഗങ്ങള്‍ക്കുമുള്ള സംവരണം നിലനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ക്കുള്ള ക്വാട്ട 30 ശതമാനമാക്കി ഉയര്‍ത്താനുള്ള നിര്‍ദേശവും പുനഃപരിശോധിക്കണം. നിലവില്‍ ഹജ്ജ് കമ്മിറ്റിക്ക് 75 ശതമാനവും സ്വകാര്യ ഓപറേറ്റര്‍മാര്‍ക്ക് 25 ശതമാനവുമാണ് ക്വാട്ട. ഹജ്ജ് കമ്മിറ്റിയുടെ ക്വാട്ട 80 ശതമാനമാക്കി വര്‍ധിപ്പിക്കുകയും കാലക്രമേണ സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരെ ഈ രംഗത്തുനിന്ന് ഒഴിവാക്കുകയുമാണ് വേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു.
രാജ്യത്ത് 21 കേന്ദ്രങ്ങളില്‍നിന്നാണ് (എംബാര്‍ക്കേഷന്‍ പോയന്റ്) ഇപ്പോള്‍ ഹജ്ജ് വിമാന സര്‍വിസ് നടത്തുന്നത്. ഇത് ഒമ്പതു കേന്ദ്രങ്ങളില്‍നിന്നാക്കി ചുരുക്കണമെന്ന സമിതിയുടെ നിര്‍ദേശവും ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് 21 എംബാര്‍ക്കേഷന്‍ പോയന്റും നിലനിര്‍ത്തണം. കേരളത്തില്‍നിന്നുള്ള എംബാര്‍ക്കേഷന്‍ പോയന്റ് കാലിക്കറ്റ് എയര്‍പോര്‍ട്ട് തന്നെയാക്കണം. രണ്ട് കാറ്റഗറി (ഗ്രീന്‍ കാറ്റഗറി, അസീസിയ കാറ്റഗറി)യിലായാണ് ഇപ്പോള്‍ തീര്‍ഥാടകരെ കൊണ്ടുപോകുന്നത്. ഇത് അസീസിയ കാറ്റഗറി മാത്രമാക്കാനുള്ള സമിതിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. മക്കയിലെയും മദീനയിലെയും താമസത്തിനുള്ള ബില്‍ഡിങ് സെലക്ഷന്‍ കമ്മിറ്റിയില്‍ ഓരോ സംസ്ഥാനത്തെയും ഹജ്ജ് കമ്മിറ്റി പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗതീരുമാനങ്ങള്‍ നിവേദനമായി കേന്ദ്ര സര്‍ക്കാറിനും വകുപ്പ് മന്ത്രിക്കും ഈമാസം 30ന് നടക്കുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിനും സമര്‍പ്പിക്കുമെന്നും മന്ത്രി ജലീല്‍ വ്യക്തമാക്കി.
ജെ.ഡി.ടി ഹാളില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജിനാ ശൈഖ് (ഗോവ), മഹാരാഷ്ട്ര സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ശൈഖ്, ജോധ്പുര്‍ ഹജ്ജ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സലീം ചൗഹാന്‍, വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, സി.പി. കുഞ്ഞുമുഹമ്മദ്, ടി.വി. ഇബ്രാഹിം എം.എല്‍.എ, എം.കെ. മുഹമ്മദലി, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, എച്ച്. മുസമ്മില്‍ ഹാജി, കുട്ടിഹസന്‍ ദാരിമി, ഇ.കെ. അഹമ്മദ്കുട്ടി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, കെ.കെ. അബൂബക്കര്‍, എന്‍. അലി അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

Related Articles