Current Date

Search
Close this search box.
Search
Close this search box.

സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കാനാവില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒരാള്‍ക്ക് മേലും യോഗ അടിച്ചേല്‍പ്പിക്കാനോ പാഠ്യപദ്ധതിയില്‍ അതുള്‍പ്പെടുത്താനോ ആവില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കി. യോഗ സ്‌കൂള്‍ സിലബസിന്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് നല്‍കപ്പെട്ട പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. യോഗ പ്രചരിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട കോടതി അത് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണെന്നും വ്യക്തമാക്കി. അശ്വനി ഉപാധ്യായ സമര്‍പിച്ച പൊതുതാല്‍പര്യ ഹര്‍ജി നിരസിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, എല്‍.എന്‍ റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
യോഗയുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കണമെന്ന ഹര്‍ജിയിലെ ആവശ്യം അംഗീകരിക്കാതിരുന്ന കോടതി ഈ മാസം 29ന് പരിഗണനയ്ക്കുവരുന്ന സമാനമായ കേസില്‍ കക്ഷിചേരാന്‍ ഹരജിക്കാരിക്ക് അനുമതി നല്‍കുകയും ചെയ്തു. രസകരമായ അഭിപ്രായങ്ങളാണ് കേസ് പരിഗണിക്കുമ്പോള്‍ ഉയര്‍ന്നുവന്നത്. ഇന്നത്തെ കാലത്ത് മലിനീകരിക്കപ്പെട്ട അന്തരീക്ഷത്തില്‍ യോഗ ചെയ്യാന്‍ കഴിയുമോ? അവസാനമായി ചെയ്യുന്ന ആസനമേതാണ്? തുടങ്ങിയ ചോദ്യങ്ങള്‍ ചീഫ് ജസ്റ്റിസ്  അശ്വനി ഉപാധ്യായയുടെ അഭിഭാഷകന്‍ കൃഷ്ണമണിയോട് ചോദിച്ചു. അവക്ക് കൃത്യമായ മറുപടി നല്‍കാന്‍ അഭിഭാഷകന് സാധിച്ചില്ല. യോഗയെ കുറിച്ച അഭിഭാഷകന്റെ അറിവില്ലായ്മ അദ്ദേഹം യോഗ ചെയ്യുന്ന ആളല്ല എന്നതിന്റെ അടയാളമായിട്ടാണ് ജഡ്ജി വിലയിരുത്തിയത്.

Related Articles