Current Date

Search
Close this search box.
Search
Close this search box.

സെന്‍കുമാറിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം പ്രതിഷേധാര്‍ഹം: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: കേരളത്തിന്റെ സാമുദായിക അന്തരീക്ഷത്തെ അപകടപ്പെടുത്തുന്നതും സംഘ് പരിവാര്‍ താല്‍പര്യങ്ങളെ വെള്ളപൂശുന്നതുമായ മുന്‍ ഡിജിപി ഡോ. ടി.പി സെന്‍കുമാറിന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി എം.കെ മുഹമ്മദലി അഭിപ്രായപ്പെട്ടു. ജനമനസുകളില്‍ ധ്രുവീകരണം സൃഷ്ടിക്കുന്ന പരാമര്‍ശങ്ങള്‍ രാജ്യതാല്‍പര്യത്തിനെതിരും ദേശദ്രോഹവുമാണ്. പോലിസ് അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ ഹൈക്കോടതി തള്ളിയ ലൗ ജിഹാദ് ആരോപണം വീണ്ടുമുയര്‍ത്തുന്നതിലൂടെ രാജ്യത്തിന്റെ നിയമ, നീതി സംവിധാനങ്ങളെയാണ് മുന്‍ പോലിസ് മേധാവി വെല്ലുവിളിക്കുന്നത്. കേരളത്തിലും ദേശീയ തലത്തിലും നിരവധി കലാപങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത ആര്‍.എസ്.എസ് അപകടകരമല്ലെന്നും പശുവിന്റെ പേരില്‍ കൊലചെയ്യപ്പെടുന്നതിനെതിരെയുള്ള പ്രസംഗങ്ങളാണ് പ്രശ്‌നമെന്നുമുള്ള സെന്‍കുമാറിന്റെ നിലപാട് കടുത്ത മുസ്‌ലിം വിരുദ്ധതയാണ് വെളിപ്പെടുത്തുന്നത്. കേരളത്തിന്റെ ജനസംഖ്യാ ഘടന തകരുന്നുവെന്ന പരാമര്‍ശം ഏതു വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. സംഘ് പരിവാര്‍ കാലങ്ങളായി തുടരുന്ന ആരോപണം ആവര്‍ത്തിക്കുകയാണ് സെന്‍കുമാര്‍ ചെയ്യുന്നത്. കേരളത്തിലെ ജനസംഖ്യാ വ്യതിയാനങ്ങളെ സംബന്ധിച്ച നരവംശശാസ്ത്രപരവും സാമൂഹിക ശാസ്ത്രപരവുമായ പഠനങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് സെന്‍കുമാറിന്റെ പരാമര്‍ശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നത പോലിസ് ഉദ്യോഗസ്ഥരടക്കം കടുത്ത വര്‍ഗീയതയും വംശീയതയും മനസ്സില്‍ സൂക്ഷിക്കുന്നവരാണ് എന്ന വസ്തുതയാണ് വിവാദ അഭിമുഖത്തിലൂടെ വ്യക്തമായിരിക്കുന്നത്. സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം പരാമര്‍ശങ്ങള്‍ പോലിസിനെ സംബന്ധിച്ച ആശങ്ക വര്‍ധിപ്പിക്കുകയാണ്.
മുസ്‌ലിം സമുദായത്തെ മുന്‍വിധിയോടെ കാണുന്ന പോലിസ് സമീപനം അപകടകരമാണെന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. പോലിസ് സേനക്കകത്തെ വര്‍ഗീയവല്‍ക്കരണത്തേയുംമുസ്‌ലിം വിരുദ്ധതയെയും ലാഘവത്തോടെ കാണുന്ന സമീപനം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണം. ഇത്തരം പ്രവണതകള്‍ക്കെതിരെ ജാഗ്രത്തായ നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. മതനിരപേക്ഷ പോലിസ് സംവിധാനം സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിലെ പൊതുസമൂഹം രംഗത്തുവരണമെന്നും മുഹമ്മദലി ആവശ്യപ്പെട്ടു.

സെന്‍കുമാറിന്റെ പരാമര്‍ശം പോലീസ് സംവിധാനത്തിന്റെ മുന്‍വിധി: സോളിഡാരിറ്റി
കോഴിക്കോട്: മുന്‍ ഡിജിപി ഡോ. ടി പി സെന്‍കുമാര്‍ മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ വംശീയവും വര്‍ഗീയവുമായ മുന്‍വിധിയോടെയുള്ളതാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.എം സാലിഹ് പ്രസ്താവിച്ചു. മുസ്‌ലിം ജനസംഖ്യയുമായി ബന്ധപ്പെട്ടും ലൗ ജിഹാദുമായി ബന്ധപ്പെട്ടും സംഘ്പരിവാര്‍ സംഘടനകളും അവരുടെ മാധ്യമങ്ങളും പടച്ചുവിടുന്ന കുപ്രചാരണങ്ങള്‍ക്ക് ശക്തിപകരാനാണ് സെന്‍കുമാര്‍ ശ്രമിക്കുന്നത്. ഗോസംരക്ഷണ പേര് പറഞ്ഞ്, ആര്‍ എസ് എസ് അടക്കമുള്ള ഭീകരസംഘടനകള്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും അവയെ ന്യായീകരിക്കുയുമാണ് അദ്ദേഹം ചെയ്യുന്നത്. വരുംകാലത്ത് കേന്ദ്രഭരണത്തിന് ഒത്താശ ചെയ്ത് സ്വന്തം നില ഭദ്രമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണിത്. പോലിസ് ഉദ്യോഗസ്ഥതലങ്ങളിലുള്ള മുസ്‌ലിം വിരുദ്ധതയും വംശീയ മുന്‍വിധിയും മറനീക്കി പുറത്തുവരുന്നതുമാണ് ഇത്രയും കാലം ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന സെന്‍കുമാറിന്റെ പ്രസ്താവന. മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ഈ വിഷയത്തില്‍ കാണിച്ച ഉദാസീനതയാണ് ഇത്തരം വര്‍ഗീയ പ്രസ്താവനകള്‍ക്ക് വളം നല്‍കിയതെന്നും അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles